/indian-express-malayalam/media/media_files/uploads/2018/11/ramesh-jaleel.jpg)
തിരുവനന്തപുരം: ബന്ധു നിയമനത്തിലൂടെ സ്വജനപക്ഷപാതവും, സത്യപ്രതിജ്ഞാലംഘനവും നടത്തിയ മന്ത്രി കെ.ടി.ജലീല്‍ ഒരു നിമിഷം പാഴാക്കാതെ രാജിവയ്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി അഭിമുഖത്തില്‍ പങ്കെടുക്കാത്തയാളെ തന്റെ പിതൃസഹോദരന്റെ കൊച്ചുമകനാണ് എന്ന ഒറ്റ ആനുകൂല്യത്തില്‍ ന്യൂനപക്ഷ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചത് ഗുരുതരമായ കൃത്യ വിലോപവും, സ്വജന പക്ഷപാതവുമാണ്. ഇതിന് വേണ്ടി ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള യോഗ്യതയില്‍ മന്ത്രി ഇടപെട്ട് വെള്ളം ചേര്‍ക്കുകയും ചെയ്തുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പത്രങ്ങളില്‍ പരസ്യം ചെയ്താണ് സാധാരണഗതിയില്‍ ഇത്തരം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. എന്നാല്‍ ഇവിടെ പത്രക്കുറിപ്പിലൂടെയാണ് അപേക്ഷ ക്ഷണിച്ചത്. അത് തന്നെ ഗുരുതരമായ കൃത്യവിലോപനത്തിലേയ്ക്കും, സ്വജന പക്ഷപാതത്തിലേയ്ക്കുമാണ് വിരല്‍ ചൂണ്ടുന്നതെന്ന് രമേശ് പറഞ്ഞു.
മന്ത്രിയുടെ സ്വന്തക്കാരനെ എടുക്കാന്‍ വേണ്ടി മാത്രമാണ് ഇതു ചെയ്തതെന്ന് വ്യക്തമാവുകയാണ്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് സ്വന്തക്കാരെ തങ്ങളുടെ വകുപ്പുകളിലെല്ലാം തിരുകി കേറ്റുന്ന പരിപാടി ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നിമിഷം തന്നെ തുടങ്ങിയതാണ്. ആദ്യം ഇ.പി.ജയരാജന്‍ ഇതേ ആരോപണത്തിലാണ് രാജിവയ്‌ക്കേണ്ടിവന്നതെന്ന് ചെന്നിത്തല പറഞ്ഞു.
ന്യൂനപക്ഷ വികസന കോർപറേഷന്റെ എംഡി തന്നെ ഇപ്പോള്‍ നിയമിക്കപ്പെട്ട ആള്‍ ഇന്റര്‍വ്യൂവിന് എത്തിയില്ല എന്ന് വ്യക്തമാക്കിയതോടുകൂടി മന്ത്രി കെ.ടി.ജലീല്‍ കൈയ്യോടെ പിടിക്കപ്പെട്ടിരിക്കുകയുമാണ്. ഇനിയും സ്ഥാനത്ത് കടിച്ച് തൂങ്ങി നാണം കെടാതെ കെ.ടി.ജലീല്‍ എത്രയും പെട്ടെന്ന് രാജിവച്ച് പുറത്ത് പോകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.