scorecardresearch

എ ആർ നഗർ ബാങ്ക്: ഇ ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല, മുഖ്യമന്ത്രി വിളിപ്പിച്ചതല്ലെന്നും ജലീൽ

ചന്ദ്രിക ദിനപത്രത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണം സംബന്ധിച്ച് ഇഡി ഓഫിസിലെത്തി രേഖകള്‍ നൽകിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജലീൽ

എ ആർ നഗർ ബാങ്ക്: ഇ ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല, മുഖ്യമന്ത്രി വിളിപ്പിച്ചതല്ലെന്നും ജലീൽ

കൊച്ചി: എ.ആര്‍ നഗര്‍ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച് എൻഫോഴ്‌സ്മെന്റ് ഡയരക്ടറേറ്റ് (ഇഡി) അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ ടി ജലീല്‍ എം എല്‍ എ. സഹകരണ ബാങ്കുകളില്‍ ഇഡി അന്വേഷണം വേണമെന്ന അഭിപ്രായമില്ല. സഹകരണ വകുപ്പ് അന്വേഷണം നല്ലനിലയിലാണ് നടക്കുന്നത്. തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിപ്പിച്ചതല്ലെന്നും ജലീല്‍ പറഞ്ഞു.

ചന്ദ്രിക ദിനപത്രത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണം സംബന്ധിച്ച് ഇഡി ഓഫിസിലെത്തി രേഖകള്‍ നൽകിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജലീൽ.

ആര്‍ നഗര്‍ ബാങ്കിലെ ക്രമക്കേട് സഹകരണ വകുപ്പ് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പരാതി നല്‍കുമെന്ന് നേരത്തെ പറഞ്ഞത്. ക്രമക്കേടില്‍ കര്‍ശന നടപടി വരും. വിജിലന്‍സ് അന്വേഷണമാണോ വേണ്ടതെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. അന്വേഷണം തടസപ്പെട്ടത് കോടതി സ്‌റ്റേ നിലനില്‍ക്കുന്നതു കൊണ്ടാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്. സ്‌റ്റേ നീങ്ങുന്ന മുറയ്ക്ക് ശക്തമായ നടപടിയുണ്ടാകും.

ചന്ദ്രികയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മാത്രമാണ് ഇ ഡി തന്നെ വിളിപ്പിച്ചത്. ബന്ധപ്പെട്ട രേഖകള്‍ നല്‍കി. അറിയാവുന്ന കാര്യങ്ങൾ ഇ ഡിയോട് പറഞ്ഞിട്ടുണ്ട്. തന്നെ മുഖ്യമന്ത്രി വിളിപ്പിച്ചതല്ല. അദ്ദേഹമായുള്ള കൂടിക്കാഴ്ചകൾ പതിവുള്ളതാണെന്നും ജലീൽ പറഞ്ഞു.

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ സന്ദർശിച്ചശേഷമാണ് ജലീൽ കൊച്ചിയിലെത്തിയത്. എആർ നഗർ സഹകരണബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർത്തിയ ആരോപണം വിവാദമായതിനു പിന്നാലെ ജലീലിനെ മുഖ്യമന്ത്രി വിളിപ്പിച്ചതാണെന്ന അഭ്യൂഹമുയർന്നിരുന്നു.

ഇന്ന് രാവിലെയാണ് ക്ലിഫ് ഹൗസിലെത്തി ജലീൽ മുഖ്യമന്ത്രിയെ കണ്ടത്. എആർ നഗർ സഹകരണ ബാങ്കിലെ ക്രമക്കേട് ഇഡി അന്വേഷിക്കണമെന്ന ജലീലിന്റെ ആവശ്യം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പ്രസ്താവന നടത്തുമ്പോൾ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജലീലിനോട് പറഞ്ഞെന്നും ഇഡി അന്വേഷണം താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ജലീൽ മുഖ്യമന്ത്രിയെ അറിയിച്ചെന്നും റിപ്പോർട്ടുണ്ട്.

മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് കാര്യങ്ങൾ സംസാരിച്ചതായും കുഞ്ഞാലിക്കുട്ടിയുടെ ഹവാല ഇടപാടുകൾ പുറത്തുകൊണ്ടുവരാനുള്ള പോരാട്ടങ്ങൾ ശക്തമായി തുടരുമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. എആർ നഗർ പൂരത്തിന്റെ വെടിക്കെട്ട് ഉടൻ ഉണ്ടാകുമെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

“ഇന്നു രാവിലെ മുഖ്യമന്ത്രിയെ കണ്ടു. വിശദമായി കാര്യങ്ങൾ സംസാരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. 2006ൽ കച്ചമുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടിൽ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കിൽ 2021 ലും പോരാട്ടം ലക്ഷ്യം കാണും.

സാമ്പത്തിക തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാരാണ് കേരളത്തിലെ പിണറായി സർക്കാർ. ലീഗ് നേതാക്കൾക്ക് എന്തും ആഗ്രഹിക്കാം. “ആഗ്രഹങ്ങൾ കുതിരകളായിരുന്നെങ്കിൽ ഭിക്ഷാംദേഹികൾ പോലും സവാരി ചെയ്തേനെ” എന്ന വരികൾ എത്ര പ്രസക്തം!

ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ. എആർ നഗർ പൂരത്തിൻ്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാൻ തിരൂരങ്ങാടിയിലെ ‘ഫയർ എൻജിൻ’ മതിയാകാതെ വരും!” ജലീൽ ഫേസ്ബുക്കിലൂടെ പറഞ്ഞു.

തന്നെ പരിഹസിച്ചുകൊണ്ടുള്ള മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു ജലീലിന്റെ മറുപടി. ‘എആർ നഗർ പൂരം: ആകാശവാണി തിരുവനന്തപുരം നിലയത്തിൽനിന്നുള്ള ഇടപെടലിനാൽ വളാഞ്ചേരി നിലയത്തിൽനിന്നുള്ള ഇടപെടലുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു,’ എന്നായിരുന്നു ജലീലിനെ മുഖ്യമന്ത്രി പരസ്യമായി ശാസിച്ചതിനെത്തുടർന്നുള്ള സലാമിന്റെ പോസ്റ്റ്.

Also Read: പ്രവർത്തകർക്ക് ഇൻസെന്റീവ്, വേദികളിൽ ആൾക്കൂട്ട നിയന്ത്രണം; അടിമുടി മാറാൻ കോൺഗ്രസ്

കഴിഞ്ഞ ദിവസം സഹകരണ ബാങ്ക് കേസിൽ ഇഡി അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കു പിന്നാലെ സഹകരണ മന്ത്രി വിഎൻ വാസവനും ജലീലിനെ തള്ളി രംഗത്തെത്തിയിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kt jaleel mla met cm pinarayi vijayan