scorecardresearch

‘പള്ളിക്കാര്യം പറഞ്ഞ് പേടിപ്പിക്കേണ്ട, മുസ്ലിമായി ജീവിക്കാന്‍ ആരുടേയും സാക്ഷ്യപത്രം വേണ്ട’: കെടി ജലീല്‍

ഓലപ്പാമ്പുകാട്ടി പേടിപ്പിക്കാൻ നോക്കിയാൽ വിരണ്ട് പോകുന്നവരുണ്ടാകാം. അവരോടതായിക്കോളു- കെടി ജലീല്‍

‘പള്ളിക്കാര്യം പറഞ്ഞ് പേടിപ്പിക്കേണ്ട, മുസ്ലിമായി ജീവിക്കാന്‍ ആരുടേയും സാക്ഷ്യപത്രം വേണ്ട’: കെടി ജലീല്‍

തിരുവനന്തപുരം: ഗെയ്ൽ വിവാദവുമായി ബന്ധപ്പെട്ട് താൻ നടത്തിയ കമന്ററിനെതിരെ ചില മുസ്ലിം മൗലികവാദികളും മത തീവ്രവാദികളും പിന്നെക്കുറച്ച് ലീഗുകാരും സോഷ്യൽ മീഡിയയിൽ ഉറഞ്ഞ് തുള്ളുന്നത് കണ്ടപ്പോൾ ചിരിയാണ് വന്നതെന്ന് മന്ത്രി കെടി ജലീല്‍. വ്യക്തിപരമായി തന്നോടുള്ള കുടിപ്പക പ്രതികരണങ്ങളിൽ പ്രകടമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘2004 കാലത്ത് അന്നത്തെ UDF സർക്കാരിന്റെ എക്സ്പ്രസ് ഹൈവെ , കരിമണൽ ഖനനം എന്നീ വിഷയങ്ങളിൽ ഞാനെടുത്ത നിലപാടാണ് പലരും ചൂണ്ടിക്കാണിച്ചത്. എന്തായിരുന്നു പ്രസ്തുത വിഷയങ്ങളിലുള്ള എന്റെ സമീപനം ? എക്സ്പ്രസ് ഹൈവെ വേണ്ടെന്നല്ല ഞാൻ പറഞ്ഞത്. റോഡിനായി സ്ഥലമേറ്റെടുക്കുമ്പോൾ കുടിയിറക്കപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണമെന്നാണ് . ഇത് തന്നെയാണ് അന്നത്തെയും ഇന്നത്തെയും എന്റെ പക്ഷം . നൂറ് മീററർ വീതിയിൽ ഉണ്ടാക്കുന്ന റോഡ് റെയിൽവേ യെപ്പോലെ കേരളത്തെ വെട്ടിമുറിക്കരുതെന്നും ഞാൻ അഭിപ്രായപ്പെട്ടിരുന്നു’, മന്ത്രി പറഞ്ഞു.

‘കരിമണൽ ഖനനം കയ്യും കണക്കുമില്ലാതെ സ്വകാര്യ വ്യക്തികൾക്ക് തീറെഴുതിക്കൊടുക്കരുതെന്നാണ് ഞാൻ പറഞ്ഞത് . സർക്കാർ നിയന്ത്രണത്തിലും നിരീക്ഷണത്തിലും മാത്രമേ കരിമണൽ എടുക്കാവു . ഇതിലും ഒരു മാററവും വന്നിട്ടില്ല . സംശയമുള്ളവർ അന്നത്തെ പത്രങ്ങൾ എടുത്ത് നോക്കുന്നത് നന്നാകും . അതും ഗെയ്ലും തമ്മിലുള്ള ബന്ധമെന്താണ് ? വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീടും ഇടിച്ച് നിരത്തുകയോ ആരെയെങ്കിലും അവരവരുടെ വീടുകളിൽ നിന്ന് കുടിയിക്കുകയോ ചെയ്യുന്നില്ല . തന്നെയുമല്ല , ലൈൻ ഇട്ട് പോകുന്നതിന് ഉടമസ്ഥാവകാശം കൈമാറാതെത്തന്നെ മുഖവിലയുടെ 50 % ഓരോ സ്ഥലമുടമക്കും നൽകുകയും ചെയ്യും . മനുഷ്യന് ഭൂമിയുടെ ഉമടമസ്ഥാവകാശമില്ലെന്നും കൈകാര്യകർതൃ ത്വാധികാരമേയുള്ളുവെന്നും വാദിക്കുന്നവർക്ക് എങ്ങിനെയാണ് പൊതുതാൽപര്യം പരിഗണിച്ചാൽ ഈ പദ്ധതിയെ എതിർക്കാൻ കഴിയുക ? മുഴുവൻ കേരളീയർക്കും പ്രയോജനകരമായ ഒരു വികസനത്തെ , യഥാർത്ഥ വിശ്വാസികളാണെങ്കിൽ ത്യാഗ സന്നദ്ധതയോടെ പിന്തുണക്കുകയല്ലേ വേണ്ടത് ?’ ജലീല്‍ ചോദിച്ചു.

‘ഈ സമരത്തിൽ പങ്കെടുക്കുന്നവർക്ക് ഒരു സാമൂഹ്യ പ്രതിബന്ധതയുമില്ലെന്ന് മാത്രമല്ല , അയൽക്കാരന് വൈദ്യുതി കണക്ഷൻ ലഭിക്കാൻ സ്വന്തം പുരയിടത്തിന്റെ പതിനഞ്ച് മീറ്റർ ഉയരത്തിലൂടെ ഒരു സർവീസ് വയർ വലിക്കാൻ പോലും ഒരിഞ്ച് സ്ഥലം വിട്ടുകൊടുക്കാൻ മനസ്സില്ലാത്തവരുമാണെന്ന് ആർക്കാണറിയാത്തത്? പ്രത്യക്ഷത്തിൽ വികസനത്തിനെതിരല്ലെന്ന് പറയുകയും എന്നാൽ ഒരിക്കലും നടക്കാത്ത അപ്രായോഗിക നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ച്, പുരോഗതിയെ എന്നന്നേക്കുമായി തടസ്സപ്പെടുത്തുകയും ചെയ്യുന്ന കുബുദ്ധികളായ അരാചകവാദികളുടെ കുൽസിത ശ്രമം തിരിച്ചറിയപ്പെടാതെ പോകരുത് .സമരമുഖത്ത് വന്ന് ഇപ്പോൾ മുതലക്കണ്ണീരൊഴുക്കുന്ന വലതുപക്ഷ നേതാക്കളാണ് ഇപ്പോഴുള്ള അലയ്ൻമെന്റ് ഫൈനലൈസ് ചെയ്ത് , തീരുമാനം ഗെയ്ലിനെ അറിയിച്ചതെന്ന കാര്യം ആരും മറക്കരുത് . ഇക്കാര്യത്തിൽ ഒരു പരിധി വരെയെങ്കിലും സത്യസന്ധമായ നിലപാടാണ് മുസ്ലിം ലീഗിലെ നല്ലൊരു ശതമാനം നേതാക്കളും സ്വീകരിക്കുന്നത് ഇത് തീർത്തും അഭിനന്ദനീയമാണ്’, കെടി ജലീല്‍ വ്യക്തമാക്കി.

‘ഗെയ്ൽ സമരത്തെ മതവൽകരിക്കാൻ ശ്രമിച്ചത് പുറത്താരെങ്കിലുമാണൊ? സമര നേതാക്കൾ തന്നെയല്ലെ ? ഗെയ്ൽ പൈപ്പുകൾ കടന്ന് പോകുന്ന സ്ഥലത്ത് കൂട്ടമായി നമസ്കരിച്ചവരുടെ ലക്ഷ്യം എന്തായിരുന്നുവെന്നത് വ്യക്തമാണ് . പള്ളി തൊട്ടടുത്തുണ്ടായിരിക്കെ പൊതുസ്ഥലത്ത് നിന്ന് നമസ്കരിക്കൽ ശരിയല്ലെന്ന് വിശ്വസിക്കുന്നവരാണ് മുസ്ലിങ്ങളിലെ സിംഹഭാഗവും . ഈ സമൂഹ പ്രാർത്ഥനയിൽ നിന്നുതന്നെ സമരക്കാർ ആരെന്നത് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാകും പള്ളി , മഹല്ല് , കമ്മിറ്റി എന്നൊക്കെ പറഞ്ഞ് പേടിപ്പെടുത്തുന്നവരോട് ഒന്നേ പറയാനുള്ളൂ . ഈ നാട്ടിൽ ഇസ്ലാമത വിശ്വാസിയായി ജീവിക്കാൻ ഒരു മത-രാഷ്ട്രീയത്തമ്പുരാന്റെയും സാക്ഷ്യപത്രം കഴുത്തിൽ കെട്ടിത്തൂക്കി നടക്കേണ്ട ഗതികേട് ഒരാൾക്കുമില്ല . ഏതെങ്കിലും കമ്മിറ്റിക്കാരുടെയോ സംഘടനയുടെയോ തിട്ടൂരം ഒരാപ്പീസിൽ നിന്നും ഇരന്ന് വാങ്ങി ആരെയും ബോദ്ധ്യപ്പെടുത്തേണ്ട ദുരവസ്ഥയുമില്ല . ഓലപ്പാമ്പുകാട്ടി പേടിപ്പിക്കാൻ നോക്കിയാൽ വിരണ്ട് പോകുന്നവരുണ്ടാകാം. അവരോടതായിക്കോളു . ഞങ്ങളോട് വേണ്ട . മുസ്ലിമായി ജീവിക്കാൻ തീവ്രവാദികളുടെ സർട്ടിഫിക്കറ്റ് വേണ്ടിവരുന്ന കാലത്ത് അതിനെതിരെയുള്ള പോരാട്ടത്തിലെ വീരമൃത്യുവിന്റെ വഴിയാകും അസഹിഷ്ണുതാ വിരുദ്ധരായ ഈ വിനീതനുൾപ്പടെയുള്ള മഹാഭൂരിപക്ഷം വരുന്ന മുസ്ലിം ബഹുജനങ്ങളും തെരഞ്ഞെടുക്കുക’, മന്ത്രി വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kt jaleel gail pipe line kt jaleel slams at criticizers

Best of Express