പ്രതിപക്ഷ നേതാവ് പറയുന്നത് പച്ചക്കള്ളം, മാർക്കുദാന ആരോപണത്തിൽ കഴമ്പില്ല: മന്ത്രി കെ.ടി.ജലീൽ

സർവകലാശാല നടപടികളുടെ ഉത്തരവാദി വൈസ് ചാൻസിലറാണ്. മാർക്ക് ദാനം നൽകിയെന്ന ആരോപണത്തെ കുറിച്ച് എംജി സർവകലാശാല വിസിയോട് ചോദിക്കാനും മന്ത്രി ആവശ്യപ്പെട്ടു

KT Jaleel, ie malayalam

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മാർക്കുദാന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നു ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി.ജലീൽ. ആരോപണങ്ങളിൽ കഴമ്പില്ല. പ്രതിപക്ഷ നേതാവ് പറയുന്നതു പച്ചക്കള്ളം. പ്രതിപക്ഷത്തിന്റേതു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുളള ആരോപണം. മന്ത്രിയെന്ന നിലയിൽ ക്രമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നു മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

സർവകലാശാല അദാലത്തിൽ എന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തത് സ്വാഭാവികമാണ്. ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ കോടതിയെ സമീപിക്കാം. അദാലത്ത് നടത്തിയത് ഫയലുകൾ തീർപ്പാക്കാൻ വേണ്ടി മാത്രമാണ്. വിദ്യാർഥികൾക്ക് മാർക്ക് അധികം നൽകിയതിൽ എനിക്ക് പങ്കില്ല. സിൻഡിക്കേറ്റ് എടുക്കുന്ന തീരുമാനങ്ങൾ മന്ത്രി അറിയണമെന്നില്ല. അധിക മാർക്ക് നൽകാൻ ഞാൻ നിർദേശം നൽകിയെന്നതിന് എന്തു തെളിവാണുളളത്. തെളിവുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് കൊണ്ടുവരട്ടെയെന്നും മന്ത്രി പറഞ്ഞു.

സർവകലാശാല നടപടികളുടെ ഉത്തരവാദി വൈസ് ചാൻസിലറാണ്. മാർക്ക് ദാനം നൽകിയെന്ന ആരോപണത്തെ കുറിച്ച് എംജി സർവകലാശാല വിസിയോട് ചോദിക്കാനും മന്ത്രി ആവശ്യപ്പെട്ടു. അർഹതപ്പെട്ടവർക്ക് ആനുകൂല്യം നൽകുന്നതിൽനിന്ന് സർക്കാർ പിന്നോട്ടില്ലെന്നും ഇല്ലാത്ത കാര്യത്തിനു വേണ്ടി എന്തിനാണ് ജുഡീഷ്യൽ അന്വേഷണമെന്നും മന്ത്രി ചോദിച്ചു.

എംജി സർവകലാശാല ഫെബ്രുവരിയിൽ നടത്തിയ അദാലത്തിൽ മന്ത്രി കെ.ടി.ജലീൽ ഇടപെട്ട് മാർക്കുദാനം നൽകിയെന്നാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. കോതമംഗലം കോളേജിലെ ബിടെക് വിദ്യാർഥി ആറാം സെമസ്റ്ററിലെ സപ്ലിമെന്ററി പരീക്ഷയിൽ ഒരു മാർക്കിനു തോറ്റിരുന്നു. നാാഷണൽ സർവീസ് സ്കീം അനുസരിച്ച് മാർക്ക് കൂട്ടി നൽകണമെന്ന ആവശ്യവുമായി വിദ്യാർഥി അദാലത്തിലെത്തി. എന്നാല്‍ ഒരിക്കൽ എൻഎസ്എസിന്‍റെ മാർക്ക് നല്‍കിയതിനാല്‍ ഇത് അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാൽ അദാലത്തില്‍ പങ്കെടുത്ത മന്ത്രി കെ.ടി.ജലീലിന്‍റെ പ്രൈവറ്റ് സെക്രട്ടറിയുടെ നിർദേശ പ്രകാരം കുട്ടിക്ക് ഒരു മാര്‍ക്ക് കൂട്ടികൊടുക്കാന്‍ തീരുമാനിച്ചുവെന്നു ചെന്നിത്തല പറഞ്ഞു.

അദാലത്തില്‍ മാര്‍ക്ക് കൂട്ടി കൊടുക്കാനുള്ള അനുവാദമില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടിയപ്പോൾ വിഷയം സിൻഡിക്കേറ്റിൽ അവതരിപ്പിച്ചു. ഒരുവിഷയത്തില്‍ തോറ്റ എല്ലാവര്‍ക്കും മോഡറേഷന് പുറമേ അഞ്ച് മാര്‍ക്ക് കൂട്ടിനല്‍കാനായിരുന്നു സിന്‍ഡിക്കേറ്റിന്റെ തീരുമാനം. സര്‍വകലാശാല ചട്ടമനുസരിച്ച് പരീക്ഷാഫലം വന്നതിനുശേഷം മാര്‍ക്ക് കൂട്ടിനല്‍കാന്‍ നിയമമില്ലെന്നും മന്ത്രിയും ഇടതുപക്ഷ സിന്‍ഡിക്കേറ്റ് അംഗങ്ങളും ചേര്‍ന്ന് തോറ്റവരെ ജയിപ്പിക്കുന്ന ജാലവിദ്യ നടത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു. അദാലത്തിലൂടെ മാര്‍ക്ക് കൂട്ടിനല്‍കി തോറ്റവരെ ജയിപ്പിക്കുന്ന മന്ത്രി കെ.ടി.ജലീലിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മന്ത്രിസ്ഥാനത്ത് നിന്ന് രാജിവച്ച് അദ്ദേഹം അന്വേഷണം നേരിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kt jaleel denied allegation ramesh chennithala

Next Story
എആർ ക്യാംപിലെ പൊലീസുകാരന്റെ മരണം: പ്രതികളായ ഏഴു പൊലീസുകാരും കീഴടങ്ങിar camp, kumar, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com