കൊച്ചി: ആറാമത് പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങര ബാലശാസ്ത്ര സാഹിത്യ പുരസ്ക്കാരം കെ.ടി. ബാബുരാജിന്റെ ‘ഭൂതത്താൻകുന്നിൽ പൂപ്പറിക്കാൻ പോയ കുട്ടികൾ’ എന്ന പാരിസ്ഥിതിക നോവലിന്. കൊടുങ്ങല്ലൂർ ബാലസാഹിത്യ സമിതി എർപ്പെടുത്തിയ പുരസ്ക്കാരം ഏറ്റവും മികച്ച ബാല ശാസ്ത്രസാഹിത്യത്തിനാണ് കൊടുത്തു വരുന്നത്. പതിനായിരത്തൊന്ന് രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്ക്കാരം.

പ്രകൃതിക്കുനേരെ മനുഷ്യൻ നടത്തുന്ന കയ്യേറ്റങ്ങളും അതുണ്ടാക്കാൻ പോവുന്ന വൻ ദുരന്തങ്ങളും, അതിനെ ചെറുക്കാനും പുതിയൊരു പരിസ്ഥിതി ബോധം സൃഷ്ടിക്കാനും ഒരു കൂട്ടം കുട്ടികളും അവരെ പിന്തുണയ്ക്കുന്നവരും ചേർന്നു നടത്തുന്ന സമരങ്ങളുമൊക്കെയാണ് ഈ നോവൽ പറയുന്നത്. ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം ഓൺലൈൻ മാഗസിനിൽ ഖണ്ഡഃശപ്രസിദ്ധീകരിക്കുന്ന സമയത്തു തന്നെ വായനശ്രദ്ധ പിടിച്ചുപറ്റിയ ഈ കൃതി സാഹിത്യ പ്രസാധക സഹകരണ സംഘമാണ് പുറത്തിറക്കിയിരിക്കുന്നത്.

നേരത്തേ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, പി.ടി.ഭാസ്ക്കരപ്പണിക്കർ അവാർഡ്, ഭീമ രജതജൂബിലി പ്രത്യേക പുരസ്ക്കാരം എന്നിവ ബാബുരാജിന് ലഭിച്ചിട്ടുണ്ട്.

കഥ, ബാലസാഹിത്യം, ഓർമ്മക്കുറിപ്പുകൾ, നാടകം എന്നീ മേഖലകളിൽ പതിമൂന്നോളം ഗ്രന്ഥങ്ങൾ ബാബുരാജിന്റേതായുണ്ട്. കണ്ണൂർ ആകാശവാണിയിൽ പ്രോഗ്രാം കോംപി യറായും വിവിധ പ്രദേശിക ചാനലുകളിൽ അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്. ഡോക്യുമെന്ററി ,ഷോർട്ട് ഫിലിം വിഭാഗങ്ങളിലായി പത്തോളം കുഞ്ഞു സിനിമകളും ചെയ്തിട്ടുണ്ട്. ഇപ്പോൾ പ്രൊഫഷണൽ ഫോട്ടോഗ്രാഫറാണ്. സപ്തംബർ 28ന് കൊടുങ്ങല്ലൂരിൽ എസ് .എൻ ഡി.പി ഹാളിൽവെച്ച് പുരസ്ക്കാര സമർപ്പണം നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.