തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പളായിരുന്ന ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ തന്നെ ഉറച്ചു നില്‍ക്കുന്നതായി സമരമുഖത്തുള്ള വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. ചര്‍ച്ചയ്ക്കിടെ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സംസാരിച്ചത് മാനേജിമെന്റിന്റെ അഭിഭാഷകനെ പോലെയാണെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി.

എന്നാല്‍ ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും മാറ്റിനിർത്തിയ സാഹചര്യത്തിൽ സമരത്തിൽ നിന്നും പിൻമാറിയെന്ന പ്രഖ്യാപനം മാറ്റില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ പ്രതികരിച്ചു. തിങ്കളാഴ്ച മുതൽ എസ്എഫ്ഐ പ്രവർത്തകർ ക്ലാസില്‍ കയറണമെന്നാണ് അഭിപ്രായം. എന്നാൽ ഇക്കാര്യത്തിൽ ഓരോ വിദ്യാർഥികൾക്കും തീരുമാനങ്ങളെടുക്കാമെന്നും ഇപ്പോൾ ലോ അക്കാദമിയിൽ നടക്കുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്നും വിജിൻ കൂട്ടിച്ചേർത്തു.

എന്നാല്‍ മാനേജ്മെന്റുമായി കൂട്ടിചേര്‍ന്ന് സമരം പൊളിക്കാനാണ് എസ്എഫ്ഐ ശ്രമമെന്ന് കെഐസ് യു സംസ്ഥാന അധ്യക്ഷൻ വി.എസ്.ജോയ് പ്രതികരിച്ചു. വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റി സമരം അട്ടിമറിക്കാനാണ് എസ്എഫ്ഐ നീക്കം എങ്കില്‍ സര്‍വ്വ സന്നാഹവും ഉപയോഗിച്ച് ചെറുക്കുമെന്നും ജോയ് കൂട്ടിച്ചേര്‍ത്തു.

പുതിയതായി ഒരു നിർദ്ദേശവും മന്ത്രി ചർച്ചയിൽ വച്ചില്ല. മാനേജ്മെന്‍റ് പറയുന്നത് ഉൾക്കൊണ്ട് സമരം അവസാനിപ്പിച്ച ക്ലാസുകൾ തുടങ്ങാൻ സാഹചര്യമൊരുക്കണമെന്നാണ് മന്ത്രി പറഞ്ഞത്. പ്രിൻസിപ്പളിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും എൽഡിഎഫ് സർക്കാരും സ്വീകരിക്കുന്നത്. സമരം തീരാതെ ലോ അക്കാദമിയിലെ ക്ലാസുകൾ തുടങ്ങാൻ അനുവദിക്കില്ലെന്നും വി.എസ്. ജോയ് പറഞ്ഞു.

അഞ്ച് വർഷത്തേക്ക് ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും മാറ്റിനിർത്തുമെന്ന മാനേജ്മെന്‍റ് തീരുമാനം അംഗീകരിച്ച് സമരം അവസാനിപ്പിക്കണമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ നിലപാട്. വിദ്യാർഥികൾ ഇക്കാര്യം അംഗീകരിക്കാൻ തയാറാകാതിരുന്നതോടെ ചർച്ചയിൽ നിന്ന് മന്ത്രി ഇറങ്ങിപ്പോവുകയായിരുന്നു.

ചർച്ചയ്ക്കിടെ മന്ത്രി ആദ്യം ഇറങ്ങിപ്പോകാൻ ശ്രമിച്ചപ്പോൾ മാനേജ്മെന്‍റ് പ്രതിനിധികൾ അനുനയിപ്പിച്ച് നിർത്തുകയായിരുന്നു. എന്നാൽ പിന്നീടും വിദ്യാർഥികൾ രാജി ആവശ്യത്തിൽ ഉറച്ചുനിന്നതോടെയാണ് മന്ത്രി ക്ഷുഭിതനായി ഇറങ്ങിപ്പോയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ