തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ കെഎസ്യു പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി എസ്എഫ്ഐ നേതാവ്. വര്‍ഷങ്ങളായി ഹോസ്റ്റലില്‍ താമസിക്കുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള ഏട്ടപ്പന്‍ എന്ന മഹേഷാണ് യൂണിവേഴ്സിറ്റി കോളേജിൽ കെഎസ്യുവിന്റെ കൊടി പൊക്കിയാല്‍ കൊല്ലുമെന്ന് കൊലവിളി മുഴക്കുന്നത്. കെഎസ്യു പ്രവർത്തകൻ നിതിൻ രാജിനെയാണ് മഹേഷ് ഭീഷണിപ്പെടുത്തുന്നത്. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
യൂണിവേഴ്സിറ്റി കോളേജിൽ കെഎസ്യു യൂണിറ്റ് രൂപീകരിക്കാന്‍ പ്രവര്‍ത്തിച്ച എംഎ വിദ്യാര്‍ഥിയാണ് നിതിൻ രാജ്. നീയങ്ങനെ ചുളുവിൽ നേതാവൊന്നും ആകണ്ട എന്ന് പറഞ്ഞാണ് മഹേഷ് നിതിൻ രാജിനെ ഭീഷണിപ്പെടുത്തുന്നത്. നിതിനുനേരെയുള്ള ക്രൂര മര്‍ദനത്തിനു തൊട്ടുമുമ്പായിരുന്നു കൊലവിളിയും കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷവും. സിഗരറ്റ് വലിക്കാന്‍ തീപ്പെട്ടികൊണ്ടുവരാന്‍ ആജ്ഞാപിക്കുന്നതും വീഡിയോയിൽ കാണാം. നിതിൻ രാജിനെതിരായ ആക്രമണത്തിനു തൊട്ടുമുൻപുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പരുക്കേറ്റ നിതിൻ ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
Read Also: Horoscope Today November 29, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ആരോപണങ്ങൾ തള്ളി എസ്എഫ്ഐ നേരത്തെ രംഗത്തെത്തിയിരുന്നു. മഹേഷ് എസ്എഫ്ഐ നേതാവല്ല എന്നാണ് സംഘടന പറഞ്ഞത്. എന്നാൽ, ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വീഡിയോ സംഘടനയെ കൂടുതൽ പ്രതിരോധത്തിലാക്കും. നിതിനെതിരായ ആക്രമണത്തിൽ കെഎസ്യു നേരത്തെ പ്രതിഷേധിച്ചിരുന്നു. നിയമനടപടി സ്വീകരിക്കുമെന്ന് കെഎസ്യു അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ഹോസ്റ്റലിൽ കെഎസ്യു പ്രവർത്തകനായ നിതിന്‍ എസ്എഫ്ഐ ആക്രമണത്തിൽ പരുക്കേറ്റത്. അതേസമയം, കെഎസ്യു നേതാക്കൾക്കെതിരെ എസ്എഫ്ഐയും പരാതി നൽകി.