തിരുവനന്തപുരം: കേരള ലോ അക്കാദമി ക്യാംപസിനകത്ത് പ്രവർത്തിക്കുന്ന ഹോട്ടലും ബാങ്കും കെഎസ്‌യു പ്രവർത്തകർ ഒഴിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയി അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് മൂപ്പതോളം വരുന്ന പ്രവർത്തകർ ക്യാംപസിനകത്ത് പ്രവർത്തിക്കുന്ന ഹോട്ടലിലേക്കും ബാങ്കിലേക്കും അതിക്രമിച്ച് കടന്നത്. ഈ സമയത്ത് പൊലീസുകാർ സ്ഥലത്തുണ്ടായിരുന്നില്ല.
രാവിലെ മുന്നറിയിപ്പില്ലാതെയാണ് വിദ്യാർത്ഥികൾ മാർച്ച് നടത്തിയത്. പൊലീസെത്തുന്നതിന് മുൻപ് തന്നെ ഹോട്ടലടപ്പിച്ച ഇവർ ബാങ്കിനകത്ത് കയറി ജീവനക്കാരെ മുഴുവൻ പുറത്താക്കി. ജീവനക്കാർ പുറത്തിറങ്ങിയ ശേഷമാണ് പൊലീസ് സ്ഥലത്തെത്തിയത്. വി.എസ്.ജോയി അടക്കം എല്ലാ പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
സംസ്ഥാന സഹകരണ ബാങ്കിന്റെ പേരൂർക്കട ബ്രാഞ്ചാണ് ലോ അക്കാദമി കാംപസിനകത്ത് പ്രവർത്തിക്കുന്നത്. ബാങ്ക് ലക്ഷ്മി നായർക്കും മാനേജ്മെന്റിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള സഹായങ്ങൾ നൽകിയെന്ന ആരോപണമാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്. ഹോട്ടൽ ഉപയോഗിക്കുന്നത് വിദ്യാർത്ഥികളല്ലെന്നും പുറത്തുനിന്നുള്ളവരാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
(വിഡിയോ കടപ്പാട് മനോരമ ന്യൂസ്)