തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നങ്ങളില്‍ പ്രതിഷേധവുമായി കെഎസ്യു. സെക്രട്ടറിയേറ്റിന് മുന്പില് കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ നടത്തുന്ന നിരാഹാര സമരത്തില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി.
നിരാഹാര പന്തലില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്ന കെഎസ്യു പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് മതിലുചാടി അകത്തേക്ക് പ്രവേശിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് കെഎസ്യു വനിത നേതാവ് അടക്കം മതിലുചാടി സെക്രട്ടറിയേറ്റിന് ഉള്ളിലേക്ക് പ്രവേശിച്ചത്. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ വരെ എത്തി. അവിടെ വച്ച് പൊലീസും സെക്രട്ടറിയേറ്റിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് കെഎസ്യു പ്രവര്‍ത്തകരെ തടഞ്ഞു.
സെക്രട്ടറിയേറ്റിനുള്ളിലേക്ക് പ്രവേശിച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു. മതിലുചാടി കടന്ന പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളപ്പിലൂടെ അതിവേഗം മുഖ്യമന്ത്രിയുടെ ഓഫീസിനടുത്തേക്ക് ഓടുകയായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
Read Also: ദൗര്‍ഭാഗ്യകരം, എസ്എഫ്ഐയെ താറടിക്കരുത്: മന്ത്രി കെ.ടി.ജലീല്‍
അതിനിടെ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ആക്രമണങ്ങളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുക, അക്രമികൾക്ക് ഒത്താശ ചെയ്യുന്ന പ്രിൻസിപ്പലിനെയും അധ്യാപകരെയും സസ്പെൻഡ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കെഎസ്യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്ത്, സഹഭാരവാഹികളായ ജഷീർ പള്ളിവയൽ, ജോബി ചെമ്മല, നബീൽ എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുൻപിൽ നടത്തുന്ന നിരാഹാര സത്യാഗ്രഹം മൂന്നാം ദിവസത്തിലേക്ക് കടന്നു.
യൂണിവേഴ്സിറ്റി കോളേജിലെ സംഭവവികാസങ്ങളാണ് കെഎസ്യു പ്രതിഷേധത്തിന് കാരണം. എസ്എഫ്ഐ നടത്തുന്നത് ഗുണ്ടായിസമാണെന്ന് കെഎസ്യു ആരോപിക്കുന്നു. എസ്എഫ്ഐ യൂണിയൻ ഓഫീസിൽ നിന്ന് പരീക്ഷ ഉത്തരക്കടലാസുകൾ പിടികൂടിയതും പ്രതിഷേധം കനക്കാൻ കാരണമായി. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് കെഎസ്യു ആവശ്യപ്പെടുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, വി.എം.സുധീരൻ തുടങ്ങിയ നേതാക്കളെല്ലാം സെക്രട്ടറിയേറ്റ് പടിക്കൽ കെഎസ്യു നടത്തുന്ന സമരത്തിന് അഭിവാദ്യമർപ്പിച്ച് എത്തിയിരുന്നു.