തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്‌യു. ഷാഫി പറമ്പില്‍ എംഎല്‍എ, കെഎസ് യു പ്രസിഡന്റ് കെ.എം.അഭിജിത്ത് എന്നിവര്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.

കേരള സർവകലാശാല മോഡറേഷൻ വിവാദത്തിൽ കെഎസ്‌യു പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. നിയമസഭാ കവാടത്തിലേക്ക് നടത്തിയ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. മാർച്ചിൽ പങ്കെടുത്ത ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് പരുക്കേറ്റിരുന്നു. എംഎൽഎയ്‌ക്ക് തലയിൽ മുറിവുണ്ട്. പൊലീസ് ജലപീരങ്കി ഉപയോഗിച്ചാണ് മാർച്ചിനെ നേരിട്ടത്.

അതേസമയം, ഷാഫി പറമ്പിൽ എംഎൽഎയ്‌ക്കെതിരായ മർദനത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷം നിയമസഭയിൽ ഇക്കാര്യം ചോദിച്ചപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. സ‍ര്‍ക്കാര്‍ ഈ വിഷയത്തിൽ തുടരുന്ന നടപടികളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.

ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അടിച്ച് തലപൊട്ടിച്ച് പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചതെന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. സമരം സമാധാനത്തോടെ പിരിയണമെന്ന ആഗ്രഹത്തോടെയാണ് സഭയില്‍ നിന്ന് വന്നതെന്നും സംഘർഷത്തിലേക്ക് പോകരുതെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു എന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.