കൊച്ചി: ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിനുളള ഇന്ത്യന്‍ ടീമില്‍ നിന്ന് മലയാളികളുടെ അഭിമാനമായ പിയു ചിത്രയെ ഒഴിവാക്കിയതില്‍ കെഎസ്‍യുവിന്റെ വ്യത്യസ്ത പ്രതിഷേധം. ചിത്രയെ ഒഴിവാക്കിയതില്‍ ഉഷയ്ക്കുളള പങ്ക് ആരോപിച്ചാണ് പ്രതിഷേധം. കൊച്ചിയിലെ പിടി ഉഷ റോഡ് പിയു ചിത്ര റോഡായി കെഎസ്‍യു പ്രവര്‍ത്തകര്‍ പുനര്‍നാമകരണം ചെയ്തു.
ഉഷയ്ക്കെതിരെ പ്രതിഷേധവുമായെത്തിയ പ്രവര്‍ത്തകര്‍ റോഡില്‍ പിയു ചിത്ര എന്ന ബോര്‍ഡ് സ്ഥാപിച്ചു. പഴയ ബോര്‍ഡില്‍ മഷിയൊഴിച്ച് കളഞ്ഞാണ് പുതിയ ഫ്ലക്സ് സ്ഥാപിച്ചത്. പിടി ഉഷയ്ക്കെതിരെ സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ കേരളത്തിന്റെ അപമാനമാണ് പിടി ഉഷയെന്നും മുദ്യാവാക്യം മുഴക്കി. ജനറൽ ആശുപത്രി പരിസരത്തുനിന്ന് മഹാരാജാസ് കോളജ് ഗ്രൗണ്ടിന്റെ പിറകിലൂടെ പോകുന്ന റോഡിനാണ് പി.ടി.ഉഷ റോഡ് എന്നു പേരു നൽകിയിരുന്നത്. ഈ റോഡാണ് പ്രതിഷേധ സൂചകമായി കെഎസ്യു പ്രവർത്തകർ പി.യു.ചിത്ര റോഡാക്കിയത്.
പി.യു. ചിത്രയെ ലോക ചാമ്പ്യൻഷിപ്പിൽനിന്ന് ഒഴിവാക്കിയത് ഉഷയും അറിഞ്ഞാണെന്ന് കേരള അത്ലറ്റിക് അസോസിയേഷനും സെലക്ഷന്‍ കമ്മറ്റിയും വ്യക്തമാക്കിയതിന് പിന്നാലെ ഉഷ മാധ്യമങ്ങളില്‍ നിന്നും അകന്നുനിന്നിരുന്നു. അത്‌ലറ്റിക് ഫെഡറേഷൻ ഭാരവാഹികളും പി.ടി. ഉഷയും ചേർന്നാണ് പി.യു. ചിത്രയെ ലോക ചാന്പ്യൻഷിപ്പിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതെന്നു സെലക്ഷൻ കമ്മിറ്റി ചെയർമാൻ ജി.എസ്. രണ്‍ധാവ. വ്യക്തമാക്കിയിട്ടുണ്ട്.
ചിത്രയെ ഒഴിവാക്കിയത് കൂട്ടായ തീരുമാനമായിരുന്നുവെന്നും തന്റേത് മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.ലോക ചാന്പ്യൻഷിപ്പിൽനിന്നു പി.യു. ചിത്രയെ ഒഴിവാക്കിയതിൽ തനിക്കു പങ്കില്ലെന്നു പി.ടി. പറഞ്ഞിരുന്നു. താൻ സെലക്ഷൻ കമ്മിറ്റിയിൽ അംഗമല്ലെന്നും നിരീക്ഷകയായാണ് യോഗത്തിൽ പങ്കെടുത്തതെന്നും ഉഷ പറഞ്ഞിരുന്നു. ലോകചാമ്പ്യൻഷിപ്പ് യോഗ്യതാ മാർക്ക് മറികടന്നവരെയും അതിനോടടുത്ത പ്രകടനം നടത്തിയവരെയും ടീമിലെടുത്താൽ മതിയെന്നത് അത്ലറ്റിക് ഫെഡറേഷന്റെ നിലപാടാണെന്നും ഉഷ വിശദീകരിച്ചു. എന്നാല്‍ ഇതിന് എതിരായാണ് സെലക്ഷന്‍ കമ്മിറ്റിയുടെ പ്രതികരണം.