തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയുടെ സിറ്റി സര്‍ക്കുലര്‍ ബസ് സര്‍വിസ് ലാഭത്തില്‍. തുടക്കത്തില്‍ ആയിരത്തോളം പേര്‍ മാത്രമായിരുന്നു സര്‍ക്കുലര്‍ ബസുകളില്‍ യാത്ര ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം മുപ്പത്തി നാലായിരത്തിലധികമായി ഉയര്‍ന്നു. യാത്രക്കാരുടെ എണ്ണം ഈ സാമ്പത്തിക വര്‍ഷം അന്‍പതിനായിരമായി വര്‍ധിപ്പിക്കാനാണു കെ എസ് ആര്‍ ടി സി ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം നഗരത്തില്‍ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, മറ്റു പ്രധാന കേന്ദ്രങ്ങള്‍ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ട് 2021 നവംബര്‍ 29നാണ് 64 സിറ്റി സര്‍ക്കുലര്‍ സര്‍വിസ് ആരംഭിച്ചത്. ജന്റം ഡീസല്‍ ബസുകള്‍ ഉപയോഗിച്ചായിരുന്നു സര്‍വിസിന്റെ തുടക്കം. ഈ വര്‍ഷം ഓഗസ്റ്റ് ഒന്നു മുതല്‍ തിരുവനന്തപുരത്ത് 25 പുതിയ ഇലക്ട്രിക് ബസുകള്‍ സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ ഭാഗമാക്കിയിരുന്നു. സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു ഇത്.
ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇലക്ട്രിക് ബസുകളില്‍ വൈദ്യുതി, ജീവനക്കാരുടെ ശമ്പളം എന്നിവ ഉള്‍പ്പെടെ ഒരു കിലോ മീറ്റര്‍ സര്‍വിസിന് 23 രൂപ മാത്രമാണു ചെലവ് വരുന്നത്. എന്നാല്‍, ശരാശരി വരുമാനം 35 രൂപയാണ്.
ഡീസല്‍ ബസിനു പകരമായി ഇലക്ട്രിക് ബസ് ഉപയോഗിച്ച് സര്‍വിസ് നടത്തിയപ്പോള്‍ ഡീസല്‍ ചെലവ് ഇനത്തില്‍ രണ്ടു മാസം കൊണ്ട് 60 ലക്ഷം രൂപ (ഓഗസ്റ്റില്‍ 28 ലക്ഷം, സെപ്റ്ററില്‍ 32 ലക്ഷം) ലാഭിക്കാനായി. നിലവില്‍ ഡീസല്‍ ബസുകളുടെ ചെലവ് കിലോമീറ്ററിനു 74 രൂപയും വരുമാനം 35 രൂപയുമാണ്.
കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ജീവനക്കാരെ ഉപയോഗിച്ച് സര്‍വിസ് നടത്തുന്നതിനാല്‍ ജീവനക്കാരുടെ ശമ്പള ഇനത്തില്‍ മാസം ശരാശരി 12 ലക്ഷം രൂപ ലാഭിക്കാനാകുന്നുണ്ട്. പുതിയ ഇലക്ട്രിക് ബസുകള്‍ക്കു രണ്ടു വര്‍ഷത്തെ വാറന്റിയുണ്ട്. ഡീസല്‍ ബസുകളെപ്പോലെ ഓയില്‍ മാറ്റുന്നത് ഉള്‍പ്പെടെയുള്ള മറ്റു ചെലവുകള്‍ ഇല്ലാത്തതിനാല്‍ അറ്റകുറ്റപ്പണി ഇനത്തില്‍ മാസം 25 ബസുകള്‍ക്ക് ശരാശരി 1.8 ലക്ഷം രൂപയുടെ ലാഭവുമുണ്ടാകുന്നു. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ 25 ഇലക്ട്രിക് ബസില്‍നിന്നുള്ള മാസ പ്രവര്‍ത്തനലാഭം ഏകദേശം 40 ലക്ഷം രൂപയിലേറെയാണ്.
കിഫ്ബിയില്‍നിന്നുള്ള വായ്പ ഉപയോഗിച്ച് ഒന്നിനു 92.43 ലക്ഷം രൂപയെന്ന നിരക്കിലാണു ബസുകള്‍ വാങ്ങിയത്. നാല് ശതമാനം പലിശ നിരക്കിലുള്ള വായ്പ തിരിച്ചടവിനു രണ്ടു വര്‍ഷത്തെ മൊറട്ടോറിയമുണ്ട്. ഇതിനാല്‍ പ്രവര്‍ത്തന ചിലവില്‍ ഗണ്യമായ കുറവ് കെ എസ് ആര്‍ ടി സിക്കു ലഭിക്കുന്നു.
വില കൂടുതലാണെങ്കിലും പ്രവര്‍ത്തന ചെലവില്‍ വന്‍ കുറവുണ്ടെന്നതു നേട്ടമാണ്. ഡീസലിന്റെ ഉപഭോഗം വളരെയേറെ കുറയ്ക്കാനുമാകുന്നു. ഒരു ട്രിപ്പിന് 10 രൂപയുടെ ടിക്കറ്റും ഒരു ദിവസം മുഴുവന്‍ യാത്ര ചെയ്യാന്‍ 30 രൂപ ടിക്കറ്റും നല്‍കിയുള്ള വരുമാനത്തില്‍നിന്നുമാണ് ലാഭത്തില്‍ എത്തിയതെന്ന പ്രത്യേകതയുമുണ്ട്. പുതിയതായി ആരംഭിച്ച കെ എസ് ആര്‍ ടി സി ട്രാവല്‍ കാര്‍ഡും സര്‍വിസില്‍ ഉപയോഗിക്കുന്നു.
12 മീറ്റര്‍ നീളമുള്ള ഡീസല്‍ ബസുകളുമായി താര്യതമ്യം ചെയ്യുമ്പോള്‍ ഇലക്ട്രിക് ബസുകള്‍ ചെറുതാണെങ്കിലും ഒരു കിലോ മീറ്റര്‍ ഓടുമ്പോള്‍ ലഭിക്കുന്ന വരുമാനം കൂടുതലാണ്. ഒന്‍പതു മീറ്റര്‍ നീളമുള്ള ഇലക്ട്രിക് ബസുകള്‍ ഉപയോഗിച്ച് നഗരത്തിലെ ഇട റോഡുകളിലും മറ്റും തിരക്കിനിടയിലും അനായാസം സര്‍വിസ് നടത്താം.
10 പുതിയ ഇലക്ട്രിക് ബസുകള്‍ കൂടി തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. അഞ്ചെണ്ണം എണ്ണം കൂടി അടുത്തയാഴ്ച എത്തും. ഇതോടെ നവംബറില്‍ ഡീസല്‍ ഇനത്തില്‍ കൂടുതല്‍ ലാഭം കിട്ടുമെന്നാണു കെ എസ് ആര്‍ ടി സിയുടെ പ്രതീക്ഷ. 50 ഇലക്ട്രിക് ബസുകളാവുന്നതോടെ ശരാശരി ഡീസല്‍ ചെലവ് 50 ലക്ഷം രൂപയ്ക്കു മുകളില്‍ ലാഭിക്കാനാവുമെന്നാണു കണക്കുകൂട്ടല്‍.