തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി ബസ് സർവീസ് നാളെ മുതൽ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. ജില്ലകൾക്കുള്ളിൽ മാത്രമാവും സർവീസുകൾ നടത്തുക. സ്വകാര്യ ബസ് ഉടമകളുടെ സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരക്കിൽ 50% വർധനയുണ്ടാകും. യാത്രാ സൗജന്യമുള്ള വിഭാഗങ്ങൾ കൂടിയ നിരക്കിന്റെ പകുതി നൽകേണ്ടി വരും. കെഎസ്ആര്‍ടിസി ബുധനാഴ്ച മുതല്‍ പരമാവധി ഹ്രസ്വദൂര സര്‍വീസ് നടത്തും. സർക്കാർ ജീവനക്കാർക്ക് വേണ്ടി കെഎസ്ആർടിസി സർവീസ് നടത്തിയപ്പോൾ ജനങ്ങൾ സഹകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതിയ രീതിയുമായും ജനങ്ങൾ സഹകരിക്കുമെന്ന് കരുതുന്നുവെന്നും മന്ത്രി പറഞ്ഞു.

Read More: മിനിമം ബസ് ചാർജ് 12 രൂപ; നിരക്ക് വർധന തൽക്കാലത്തേക്ക്

അതേസമയം, സര്‍വീസ് നടത്തണോ വേണ്ടയോ എന്ന് സ്വകാര്യ ബസുകളാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. “സര്‍വീസ് നടത്തുന്നില്ലെന്ന് ഈ ഘട്ടത്തില്‍ തീരുമാനിച്ചാല്‍ ബുദ്ധിപൂര്‍വമാണോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. എല്ലാക്കാലത്തേക്കും അങ്ങനെ ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയുമോ എന്ന് അവരാണ് ആലോചിക്കേണ്ടത്.”

സ്വകാര്യ ബസ് ഉടമകളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് ബസ് ചാര്‍ജ് വർധിപ്പിച്ചത്. മൂന്ന് മാസക്കാലത്തേക്ക് നികുതി അടക്കേണ്ടതില്ല എന്ന തീരുമാനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന് ആ ഇനത്തില്‍ മാത്രം 36 കോടിയുടെ വരുമാന നഷ്ടമാണുണ്ടാകുന്നത്. സ്വകാര്യ ബസുടമകളുമായുള്ള ചർച്ചയിൽ നിന്നുണ്ടായ തീരുമാനം അല്ല ഇത്. സമരപ്രഖ്യാപനത്തിനു ശേഷം സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നടത്തുകയും സമരം അവർ പിൻവലിക്കുകയും ചെയ്തിരുന്നു. പണം ഉണ്ടാക്കലല്ല, അവശ്യ യാത്രകൾക്ക് സൗകര്യം ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ബസ് ഉടമകളുടെ പ്രയാസം കണക്കിലെടുത്ത് മിനിമം ചാർജ് 12 രൂപയാക്കിയാണ് വർധിപ്പിച്ചത്. ഒരു കിലോമീറ്ററിന് ഇപ്പോൾ 70 പൈസയാണ് മിനിമം ചാർജ്. ഇത് ഒരു രൂപ പത്ത് പൈസയായി ഉയർത്തി. കിലോമീറ്ററിനു നാൽപ്പത് പൈസയാണ് വർധിപ്പിച്ചത്. ചാർജ് വർധന തൽക്കാലത്തേക്ക് മാത്രമാണ്. കോവിഡ് രോഗവ്യാപനത്തെ പ്രതിരോധിക്കാൻ ബസിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം 24 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം കുറച്ചതിനാലാണ് ബസ് ചാർജ് വർധിപ്പിക്കേണ്ടി വന്നത്.

എന്നാൽ ഡീസലിന്റെ നികുതി ഉൾപ്പെടെ എടുത്തു കളയുകയും കൂടുതൽ ആനുകൂല്യം നൽകുകയും ചെയ്താൽ മാത്രമേ സർവീസ് നടത്താൻ കഴിയുകയുള്ളൂവെന്ന നിലപാടിലാണ് സ്വകാര്യ ബസ് ഉടമകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.