scorecardresearch
Latest News

ടോമിന്‍ തച്ചങ്കരി ഇറങ്ങിയതിന് പിന്നാലെ യൂണിയന്‍ നേതാക്കളുടെ ഭരണം; ഡ്രൈവര്‍ കം കണ്ടക്ടറെ ബസില്‍ നിന്ന് ഇറക്കിവിട്ടു

ഡ്രൈവർ കം കണ്ടക്ടർ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരനെ തമ്പാനൂര്‍ ബസ് സ്റ്റാന്‍റില്‍ തടഞ്ഞ് ഇറക്കിവിട്ടു

ksrtc, record collection,

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ എം.ഡി സ്ഥാനത്ത് നിന്നും ടോമിന്‍ ജെ. തച്ചങ്കരിയെ മാറ്റിയതിന് പിന്നാലെ നിയന്ത്രണം ഏറ്റെടുത്ത് യൂണിയന്‍ നേതാക്കള്‍. തച്ചങ്കരി കൊണ്ടുവന്ന ഡ്രൈവർ കം കണ്ടക്ടർ രീതി മാറ്റിത്തുടങ്ങി. ഡ്രൈവർ കം കണ്ടക്ടർ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരനെ തമ്പാനൂര്‍ ബസ് സ്റ്റാന്‍റില്‍ തടഞ്ഞ് ഇറക്കിവിട്ടു. എട്ടുമണിക്കൂറില്‍ കൂടുതലുള്ള ദീര്‍ഘ ദൂര സര്‍വ്വീസുകളിലാണ് ‌കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക നേരത്തെ നടപ്പാക്കിയിരുന്നത്.

ടോമിന്‍ തച്ചങ്കരി എം.ഡിയായതോടെ ഇത് കൂടുതല്‍ ദീര്‍ഘ ദൂര സര്‍വ്വീസുകളിലേക്ക് വ്യാപിപ്പിച്ചു. ഇതില്‍ തൊഴിലാളി യൂണിയനുകള്‍ക്കും ഒരുവിഭാഗം ജീവനക്കാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. എട്ട് മണിക്കൂറില്‍ താഴെ റണ്ണിങ് ടൈം ഉള്ള സര്‍വ്വീസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ ആവശ്യമില്ലെന്ന് പറ‍ഞ്ഞ് ഒരു വിഭാഗം കണ്ടക്ടര്‍മാരാണ് ജീവനക്കാരനെ ഇറക്കിവിട്ടത്.

തിരുവനന്തപുരം – പാലക്കാട് റൂട്ടില്‍ ഡ്യൂട്ടിക്കെത്തിയ ജിനോയെയാണ് തിരുവനന്തപുരത്ത് ഇറക്കി വിട്ടത്. ഇന്നുവരെ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന ജിനോക്ക് ഇന്ന് ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. തിരുവനന്തപുരം – പാലക്കാട് സർവീസ് ഇന്നു മുതൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനമില്ലെന്ന് പറഞ്ഞാണ് കണ്ടക്ടർമാർ തന്നെ ജിനോയെ തടഞ്ഞത്. എന്നാല്‍ ഇന്ന് കണ്ടക്ടറെ തടഞ്ഞതില്‍ പങ്കില്ലെന്നാണ് തൊഴിലാളി യൂണിയനുകളുടെ വിശദീകരണം. സംഭവത്തില്‍ ഡി.ടി.ഒയോട് റിപ്പോര്‍ട്ട് തേടിയതായി മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ksrtc unions tomin thachankari ak sseendran investigation