തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഒരുവിഭാഗം ജീവനക്കാർ നടത്തുന്ന പണിമുടക്ക് ദിവസമായ ഇന്ന് പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് സർവീസ് നടത്തുമെന്ന് കെ എസ് ആർ ടി സി. ഇതിനായി പരമാവധി സൗകര്യം ചെയ്യാൻ യൂണിറ്റ് ഓഫീസർമാർക്ക് നിർദേശം നൽകിയതായി കെഎസ്ആർടിസി സി എം ഡിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
സമരത്തിൽ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് സർവ്വീസുകൾ അയയ്ക്കണമെന്നും അതിനായി ജീവനക്കാരെ മുൻകൂട്ടി നിയോഗിക്കണമെന്നും കെഎസ്ആർടിസി സി എം ഡി നിർദ്ദേശം നൽകി. ശനിയാഴ്ച വാരാന്ത്യ ദിനത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നും യാത്രക്കാർ തിരികെ വീട്ടിൽ എത്തേണ്ടതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ സർവീസുകൾ നടത്തും.
ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് ഡബിൾ ഡ്യൂട്ടി ഉൾപ്പടെ നൽകി പരമാവധി ട്രിപ്പുകൾ ഓടിക്കും. ആവശ്യ റൂട്ടുകൾക്ക് പ്രാധാന്യം നൽകി ദീർഘദൂര സർവ്വിസുകൾ, ഒറ്റപ്പെട്ട സർവ്വീസുകൾ, പ്രധാന റൂട്ടുകളിലെ സർവ്വിസുകൾ എന്നിങ്ങനെ അയക്കുന്നതിനും റിസർവേഷൻ നൽകിയിട്ടുള്ള സർവ്വീസുകൾ എന്നിവ നടത്തുകയും ചെയ്യുമെന്ന് കെഎസ്ആർടിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
Also Read: സമരത്തിൽ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് സർവ്വീസുകൾ