തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ആയിരം രൂപ പ്രീപെയ്‌ഡ് കാർഡുകൾ നിർത്തലാക്കുന്നു. സാധാരണ ടിക്കറ്റിന് പകരം ഉപയോഗിക്കാവുന്ന പ്രീപെ്‌ഡ് കാർഡ് അവതരിപ്പിച്ച് ദിവസങ്ങൾക്കുളളിലാണ് കാർഡ് നിർത്തലാക്കുന്നത്. കാർഡ് ഉപയോഗം കെഎസ്ആർടിസിക്ക് നഷ്‌ടം വരുത്തുന്നു എന്ന വിലയിരുത്തലിലാണ് ഇത് വേണ്ടെന്ന് വയ്‌ക്കുന്നത്. കാർഡിന് യാത്രക്കാരുടെ ഭാഗത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും യാത്രാ നിരക്ക് കണക്കാക്കുമ്പോൾ കെഎസ്ആർടിസിക്ക് വലിയ നഷ്‌ടം വരുത്തുന്നുണ്ട്.
ലാഭകരമല്ലാത്ത 1000 രൂപയുടെ പ്രീപെയ്‌ഡ് കാർഡുകൾ ഇനി അച്ചടിക്കേണ്ടെന്നാണ് തീരുമാനം. ആയിരത്തിന്റെ 3000 കാർഡുകൾ അച്ചടിച്ചതിൽ 1733 എണ്ണം വിറ്റുപോയി. ബാക്കിയുളളവയുടെ വിതരണം നിർത്തിവച്ചിരിക്കുകയാണ്. 1500 രൂപയുടെ കാർഡിൽ 1206 എണ്ണമാണ് വിറ്റുപോയത്. ഇതു കൂടാതെ ഉയർന്ന നിരക്കിലുളള 3000, 5000 രൂപയുടെ കാർഡുകൾക്ക് ആവശ്യക്കാരില്ലാത്തതും തിരിച്ചടിയായി. അയ്യായിരത്തിന്റെ കാർഡ് ഇതുവരെ ആകെ വിറ്റുപോയത് 18 എണ്ണമാണ്.
കഴിഞ്ഞ ജനുവരി 25നാണ് പ്രീപെയ്‍ഡ് കാർഡ് പുറത്തിറക്കിയത്. മൂന്നാഴ്‌ചയ്‌ക്കുളളിൽ 48 ലക്ഷം രൂപയാണ് കെഎസ്ആർടിസിക്ക് ഈ ഇനത്തിൽ ലഭിച്ചത്. വരുന്ന മാർച്ചിൽ സ്വൈപ് ചെയ്യാൻ കഴിയുന്നതും ഉപയോഗത്തിന് അനുസരിച്ച് തുക കുറയുന്നതുമായ സ്‌മാർട്ട് കാർഡുകൾ പുറത്തിറക്കുമെന്ന് കെഎസ്ആർടിസി നേരത്തെ അറിയിച്ചിരുന്നു.