തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ പുതിയ തന്ത്രവുമായി മാനേജ്‌മെന്റ്. അന്തര്‍സംസ്ഥാന റൂട്ടില്‍ തിരക്കുളള സമയങ്ങളില്‍ 10ശതമാനം നിരക്ക് കൂട്ടാനാണ് പുതിയ തീരുമാനം. ക്രിസ്തുമസ് അവധി സമയത്ത് ഫ്ലെക്സി ചാർജ്ജ് സംവിധാനം വിവിധ റൂട്ടുകളിൽ പരീക്ഷിച്ചിരുന്നു. യാത്രക്കാരുടെ തിരക്കും സീസണും അനുസരിച്ച് അന്തര്‍സംസ്ഥാന ബസ്സുകളുടെ ടിക്കറ്റ് നിരക്ക് ക്രമീകരിക്കുന്ന സംവിധാനമാണ് ഫ്‌ളക്‌സി ചാര്‍ജ്.

യാത്രക്കാർ മികച്ച പ്രതികരണം നൽകിയതോടെയാണ് തിരക്കുള്ള സമയങ്ങളിൽ യാത്രിനിരക്ക് വർധിപ്പിക്കാൻ തീരുമനിക്കുന്നത്. ഗോവയിലേക്കും പോണ്ടിച്ചേരിയിലേക്കും പുതിയ സര്‍വ്വീസ് തുടങ്ങാനും തീരുമാനമായി.

പുതിയ സ്കാനിയ സർവ്വീസുകൾ അടുത്തിടെയാണ് കെഎസ്ആർടിസി ആരംഭിച്ചത്. ക്രിസ്തുമസ് സമയങ്ങളിൽ റെക്കോഡ് വരുമാനം ഉണ്ടാക്കാൻ കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞിരുന്നു. സീസൺ ടൈമിൽ സ്വകാര്യ ബസ്സുകൾ ഇരട്ടിയിലധികം രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്.

ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ നിരക്ക് കുറച്ചും വെളളി മുതൽ തിങ്കൾവരെയുളള ദിവസങ്ങളിൽ ഉയർന്ന നിരക്കിലും അന്തർ സംസ്ഥാന തലത്തിൽ ബസ് സർവ്വീസ് നടത്തുന്നതിനുളള അനുമതിക്കായി കെ എസ് ആർ ടി സി സർക്കാരിനെ സമീപിച്ചത് 2015 ലാണ്.

കേരളത്തിൽ നിന്നും ബെംഗളുരൂ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്ക് നടത്തുന്ന സർവ്വീസുകളിലാണ് ഈ സംവിധാനം ഏർപ്പെടുത്താൻ അന്ന് അനുമതി ചോദിച്ചത്. രണ്ട് വർഷത്തിന് ശേഷമാണ് കെ. എസ് ആർ ടിസിക്ക് സർക്കാർ അനുമതി നൽകിയത്.

കർണാടക ആർ ടിസിയും ഭൂരിപക്ഷം സ്വകാര്യ ബസ് ഓപ്പറേറ്റർമാരും ഫ്ലെക്സി സംവിധാനത്തിലാണ് തിരക്കേറിയ സമയങ്ങളിൽ സർവീസ് നടത്തുന്നത്. വെളളി മുതൽ തിങ്കൾ വരെ യാത്രക്കാരും തിരക്കും ഏറെയുണഅടാകും. എന്നാൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ചവരെ തിരക്ക് കുറവായിരിക്കും ആ സമയങ്ങളിൽ നിരക്കിൽ വ്യത്യാസം വരുത്തി നടപ്പാക്കിയാൽ കെ എസ് ആർ ടി സിക്കും യാത്രക്കാർക്കും നേട്ടമുണ്ടാകും എന്ന കാഴ്ചപ്പാടിന്രെ അടിസ്ഥാനത്തിലാണ് ഈ നിർദ്ദേശം അന്ന് മുന്നോട്ട് വച്ചത്. എന്നാൽ അത് ഇപ്പോഴാണ് നടപ്പിലാകുന്നതെന്ന് കെ. എസ് ആർ ടി സി യിലെ ഒരു ജീവനക്കാരൻ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ