തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇനിമുതല്‍ വരുമാനത്തിന് അനുസരിച്ച് ശമ്പളം നല്‍കാന്‍ മാനേജ്മെന്റ്. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. വരുമാനം വര്‍ധിപ്പിക്കുന്നതിനായി ഡിപ്പൊ തലത്തില്‍ ടാര്‍ഗറ്റ് നിശ്ചയിക്കും. ബസിന്റേയും ജീവനക്കാരുടേയും എണ്ണം അനുസരിച്ചായിരിക്കും ടാര്‍ഗറ്റ് നല്‍കുക.
മാനേജ്മെന്റ് നല്‍കുന്ന ടാര്‍ഗറ്റ് തികയ്ക്കുകയാണെങ്കില്‍ മുഴുവന്‍ ശമ്പളവും എല്ലാം മാസവും അഞ്ചാം തീയതി നല്‍കും. ടാര്‍ഗറ്റ് പകുതി മാത്രമാണ് പൂര്‍ത്തിയാക്കുന്നതെങ്കില്‍ ശമ്പളവും പകുതിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ടാര്‍ഗറ്റ് നടപ്പാക്കുന്നതിലൂടെ കെഎസ്ആര്‍ടിസിയുടെ പ്രതിമാസ വരുമാനം 240 കോടിയാക്കുക എന്ന ലക്ഷ്യമാണുള്ളത്.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് ശക്തമായ നിലപാടാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി സ്വീകരിച്ചത്. ശമ്പളം നല്‍കാന്‍ കഴിയില്ലെങ്കില്‍ സ്ഥാപനം അടച്ച് പൂട്ടാനായിരുന്നു കോടതിയുടെ നിര്‍ദേശം. സഹായം നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാരും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യ വിതരണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് കോടതി ഇന്നലെ പറഞ്ഞത്. കെഎസ്ആര്‍ടിസി നല്‍കിയ സത്യവാങ്മൂലം പരിശോധിച്ച ശേഷമായിരുന്നു കോടതിയുുടെ നിര്‍ദേശം.