തിരുവനന്തപുരം: അന്തര്‍സംസ്ഥാന സര്‍വീസുകളില്‍ കര്‍ണാടക ആര്‍ടിസിയുടെ അപ്രമാദിത്വം തകര്‍ക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങുകയാണ് മലയാളികളുടെ സ്വന്തം ആന വണ്ടി.  2016 ല്‍ നിലവില്‍ വന്ന കരാറിന്റെ അടിസ്ഥാനത്തില്‍ പുതിയതായി 73 സര്‍വീസുകളാണ് കെഎസ്ആര്‍ടിസി തുടങ്ങുന്നത്.

നിലവില്‍ കോര്‍പ്പറേഷന്റെ വര്‍ക്ക് ഷോപ്പുകളില്‍ നിര്‍മ്മാണം പൂര്‍ത്തിയായി പെര്‍മിറ്റിനായി കാത്തിരിക്കുന്ന ബസ്സുകളും, പുതിയതായി വാങ്ങുന്ന ബസ്സുകളും ഉപയോഗിച്ചായിരിക്കും കര്‍ണാകടത്തിന്റെ വിവധ ഭാഗങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കുകയെന്ന് ഉന്നത കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ വ്യക്തമാക്കി. ബെംഗളുരു, കെ ആര്‍ പുരം, മൈസുരു, വിരാജ്‌പേട്ട്, മംഗളുരു, കൊല്ലൂര്‍ (മൂകാംബിക) എന്നിവടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍. മലബാര്‍ മേഖലയില്‍ നിന്നാണ് ഇതില്‍ ഭൂരിഭാഗവും ബസ്സുകളും ഓപ്പറേറ്റ് ചെയ്യുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നെത്തുന്ന ബസ്സുകള്‍ മലബാര്‍ മേഖലയില്‍ നിന്നും ചെയിന്‍ സര്‍വീസ് ആയി ഓടിക്കുന്നതിലൂടെ ഫലത്തില്‍ മധ്യകേരളത്തിലുള്ള യാത്രക്കാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.

ഏറ്റവും അധികം പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത് കര്‍ണാടക ആര്‍ടിസി കുത്തകയാക്കിക്കിരിക്കുന്ന കാഞ്ഞങ്ങാട്- മംഗളുരു റൂട്ടിലാണ്. സൂപ്പര്‍ ഡീലക്‌സ് ബസ്സുകള്‍ അടക്കം 30 പുതിയ ഷെഡ്യൂളുകളാണ് കോര്‍പ്പറേഷന്‍ ഈ റൂട്ടില്‍ ആരംഭിക്കുന്നത്. പത്തനംത്തിട്ട, പാലക്കാട് എന്നീ യൂണിറ്റുകളില്‍ നിന്നുള്ള രണ്ട് വീതം ഡീലക്‌സുകള്‍ ഒഴികെ ബാക്കിയെല്ലാം ഫാസ്റ്റ് പാസഞ്ചര്‍, ഓര്‍ഡിനറി സര്‍വീസുകള്‍ ആയിരിക്കും. കേരളത്തില്‍ നിന്നും ദിനം പ്രതി നൂറുകണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന കൊല്ലൂര്‍ മൂകാംബികയിലേക്കും പുതിയ സര്‍വീസുകള്‍ തുടങ്ങുന്നുണ്ട്. മംഗളുരു, ഉഡുപ്പി വഴി തലശ്ശേരി, ആലപ്പുഴ, ഗൂരുവായൂര്‍ യൂണിറ്റുകളിലെ സൂപ്പര്‍ ഡീലക്‌സ് ബസ്സുകള്‍ ഉപയോഗിച്ച് അഞ്ച് പുതിയ സര്‍വീസുകള്‍ ആരംഭിക്കും.

കോഴിക്കോട് നിന്നും മൈസൂരുവിലേക്ക് 10 പുതിയ സര്‍വീസുകള്‍ തുടങ്ങാനാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. കോട്ടയം, പത്തനംത്തിട്ട യൂണിറ്റുകളില്‍ നിന്നുള്ള എക്‌സ്പ്രസ്, ഡീലക്‌സ് ബസ്സുകളും, മറ്റ് യൂണിറ്റുകളിലെ സൂപ്പര്‍ ഫാസ്റ്റ് ബ്സ്സുകളുമായിരിക്കും ചുരം കടന്ന് ടിപ്പുവിന്റെ നാട്ടിലെത്തുക. ഇതിനുപുറമെ  മൈസുരുവിന് സമീപത്തുള്ള കെ ആര്‍ നഗറിലേക്കും (കൃഷ്ണരാജനഗര്‍) രണ്ട് പുതിയ സര്‍വീസുകള്‍ ആരംഭിക്കും.
ഐടി നഗരമായ ബെംഗളുരുവിലേക്കും പുതിയ സര്‍വീസുകള്‍ തുടങ്ങുന്നുണ്ട്. കോഴിക്കോട് നിന്നും നാല് പുതിയ എക്‌സപ്രസ്സ് ബസ്സുകളാണ് ബെംഗളുരുവിലേക്ക് സര്‍വീസ് നടത്തുക. ഇതോടെ ബെംഗളുരുവില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസുകളുടെ എണ്ണം 50 കടക്കും. ബെംഗളുരുവിലെ വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളും അടക്കമുള്ള മലയാളികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. കോഴിക്കോട് നിന്നും മട്ടന്നൂര്‍-ഇരിട്ടി-കുട്ടുപ്പുഴ വഴി വിരാജ്‌പേട്ടിലേക്ക് നാലു പുതിയ സര്‍വീസുകള്‍ ആരംഭിക്കും. ഇതിനു പുറമെ കോഴിക്കോട്-കൊല്ലേഗല്‍, പയ്യന്നൂര്‍-മൈസുരു കാസര്‍കോഡ്-മൈസുരു എന്നീ റൂട്ടുകളിലും ഇനി കെഎസ്ആര്‍ടിസി സാന്നിധ്യം അറിയിക്കും.

മിന്നല്‍പ്പിണരാകാന്‍ കെഎസ്ആര്‍ടിസി

ksrtc, new bus, kerala transport

കെ എസ് ആർ ടിസിയുടെ പുതിയ “മിന്നൽ” ബസ്സുകൾ

കേരളത്തിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച്‌കൊണ്ടുള്ള രാത്രികാല അതിവേഗ സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. എന്നാല്‍ സൂപ്പര്‍ എക്‌സപ്രസ്, ഡീലക്‌സ്, സില്‍വൈര്‍ ലൈന്‍ ജെറ്റ് എന്നീ പ്രീമയം സര്‍വീസുകളില്‍ നിന്നും ഇതിനെ എങ്ങനെ വത്യസ്ഥമാക്കും എന്ന ചിന്ത വന്നുടക്കിയത് മിന്നലിലാണ്. പൂര്‍ണ്ണമായും ദേശിയപാതയിലൂടെയുള്ള അതിവേഗ സര്‍വീസിന് അങ്ങനെ മിന്നല്‍ എന്ന് പേരിട്ടു. പേര് മാത്രമല്ല ബസ്സുകളും റെഡിയായിക്കഴിഞ്ഞു. വെള്ളയില്‍ ചുവപ്പ്, നീല എന്നീ നിറഭേദങ്ങളിലായിരിക്കും നിരത്തിലിറങ്ങുക. ട്രെയിനിനെക്കാള്‍ കുറഞ്ഞ സമയത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തുമെന്നത്താണ് മിന്നലിന്റെ പ്രത്യേകത. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക് നാല് മണിക്കൂര്‍ 15 മിനിട്ട് കൊണ്ട് ഓടിയെത്തുന്ന തരത്തില്‍ സമയക്രമം നിശ്ചയിച്ചിരിക്കുന്നതായാണ് സൂചന. നിലവില്‍ സാധാരണ എക്‌സ്പ്രസ് ട്രെയിനുകളില്‍ ഈ ദൂരം താണ്ടാന്‍ നാലര മുതല്‍ അഞ്ച് മണിക്കൂര്‍ വരെ സമയമെടുക്കുന്നുണ്ട്. നിലവില്‍ പകല്‍സമയത്ത് തിരുവനന്തപുരത്ത് നിന്നും എറണാകുളത്ത് എത്താന്‍ ബസ്സുകളില്‍ കുറഞ്ഞത് ആറ് മണിക്കൂറെടുക്കും. മിന്നല്‍ സര്‍വീസുകള്‍ ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്.

കൂടുതല്‍ ഏസി ബസ്സുകള്‍

നിലവില്‍ സ്‌കാനിയ, വോള്‍വോ എന്നീ കമ്പനികളുടെ മള്‍ട്ട് ആക്‌സില്‍ ബസ്സുകളില്‍ മാത്രമാണ് ശീതീകരണ സംവിധാനമുള്ളത്. മികച്ച യാത്രാസുഖം പ്രധാനം ചെയ്യുമെങ്കിലും ബസ്സ് ഒന്നിന് 90 ലക്ഷത്തിനടുത്താണ് വിലവരുന്നത്. ഇത്തരം ബസ്സുകളുടെ അറ്റകുറ്റ പണികള്‍ക്കും ചിലവേറും. ഇതിന് പരിഹാരം കാണാനാണ് സാധാരണ ഏസി ബസ്സുകള്‍ വാങ്ങുന്നത്. പ്രധാനമായും സംസ്ഥാനത്തിനുള്ളില്‍ തന്നെയായിരിക്കും ഈ ബസ്സുകള്‍ സര്‍വീസ് നടത്തുക. പൂര്‍ണ്ണരൂപത്തില്‍ (നിലവില്‍ ഷാസി മാത്രം വാങ്ങി ബോഡി നിര്‍മ്മിക്കുന്നതാണ് കോര്‍പ്പറേഷന്റെ രീതി) തന്നെ വാങ്ങുന്ന ഇത്തരം ബസ്സുകള്‍ക്ക് 50 ലക്ഷത്തിനടുത്ത് ചിലവുവരും. ഇത്തരം ബസ്സുകളുടെ അത്യാവശ അറ്റകുറ്റ പണികള്‍ കെഎസ്ആര്‍ടിസി വര്‍ക്ക്‌ഷോപ്പുകളില്‍ തന്നെ ചെയ്യാനാകും. എന്നാല്‍ മള്‍ട്ടി ആക്‌സില്‍ ബസ്സുകളെ പൂര്‍ണ്ണാമായി ഉപേക്ഷിക്കാന്‍ കോര്‍പ്പറേഷന്‍ താത്പര്യമില്ല. അന്തര്‍സംസ്ഥാന സര്‍വീസുകള്‍ വ്യാപിപിക്കുന്നതിന്റെ ഭാഗമായി 25 ഓളം പുതിയ സ്‌കാനിയ ബസ്സുകള്‍ വാങ്ങുമെന്നാണ് സൂചന. തമിഴ്‌നാടുമായി പുതിയ കരാറിലെത്താനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. ഇത് ലക്ഷ്യം കണ്ടാല്‍ ചെന്നൈ, തിരുച്ചിറപ്പള്ളി, അടക്കമുള്ള നഗരങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കാനാകും.

വാരാന്ത്യ സര്‍വീസുകള്‍ സൂപ്പര്‍ ഹിറ്റ്

ബെംഗളുരുവില്‍ നിന്നുള്ള വര്‍ദ്ധിച്ചു വരുന്ന തിരക്ക് പരിഗണിച്ചാണ് കഴിഞ്ഞമാസം മുതല്‍ പ്രത്യേക സര്‍വീസകുള്‍ ആരംഭിച്ചത്.ബെംഗളുരു സാറ്റ്‌ലൈറ്റ് സ്റ്റാന്റില്‍ നിന്നും കോഴിക്കോട്, തൃശ്ശൂര്‍, എറണാകളും എന്നിവടങ്ങളിലേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തിയത്. ഇത് വമ്പന്‍ ഹിറ്റായതോടെയാണ് എല്ലാ വാരാന്ത്യങ്ങളിലും സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്. ശനിയാഴ്ച്ചകിളില്‍ വൈകുന്നേരം കേരളത്തിലേക്കും, ഞായറാഴ്ച്ചകളില്‍ തിരിച്ച് ബെംഗളുരുവിലേക്കുമുള്ള രീതിയിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇവയ്ക്ക് മികച്ച ബുക്കിംഗ് ലഭിക്കുന്നുണ്ടെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.

 

ksrtc, scaniya, volvo, bus

കെ എസ് ആർ ടിസിയുടെ പുതിയ സ്കാനിയ, വോൾവോ ബസുകൾ

കോട്ടയം വഴി മൈസുരു സ്‌കാനിയ

തിരുവനന്തപുരത്ത് നിന്നും മൈസുരുവിലേക്ക് പുതിയ സ്‌കാനിയ സര്‍വീസ് ആരംഭിച്ചു. ഈ റൂട്ടില്‍ കോട്ടയം വഴിയുള്ള (എംസി റോഡ്) ആദ്യ സര്‍വീസാണിത്. തിരുവനന്തപുരത്ത് നിന്നും വൈകിട്ട് 7 മണിക്ക് പുറപ്പെടുന്ന ബസ്സ് രാത്രി 10:20 ന് കോട്ടയത്ത് എത്തും. ഇവിടെ നിന്നും തൃശ്ശൂര്‍ കോഴിക്കോട് ബത്തേരി വഴി രാവിലെ 8.15 ന് മൈസുരുവില്‍ എത്തും. കഴിഞ്ഞ ആഴ്ച്ച ആരംഭിച്ച സര്‍വീസിന് ഇതിനോടകം മികച്ച പ്രതികരണണമാണ് യാത്രക്കാരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. നേരത്തെ തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴി മണിപ്പാലിലേക്ക് നടത്തിയിരുന്ന സ്‌കാനിയ സര്‍വീസാണ് മൈസുരുവിലേക്ക് പുന:ക്രമീകരിച്ചിരിക്കുന്നത്. സ്‌കാനിയക്ക് പകരം സൂപ്പര്‍ ഡീലക്‌സ് ബസ്സുപയോഗിച്ചാണ് നിലവില്‍ മണിപ്പാല്‍ സര്‍വീസ് ഓടിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.