scorecardresearch

നിര്‍ബന്ധിത വിആര്‍എസ് പദ്ധതി മാനേജ്മെന്റിന് ഇല്ലെന്ന് കെഎസ്ആര്‍ടിസി

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് കെ എസ് ആര്‍ ടി സിയില്‍ നിര്‍ബന്ധിത വിആര്‍എസ് പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നതായായിരുന്നു റിപ്പോര്‍ട്ട്

KSRTC, Kerala Government

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നിർബന്ധിതമായി വിആർഎസ് നടപ്പാക്കാന്‍ പദ്ധതിയില്ലെന്ന് മാനേജ്മെന്റ്. 7,200 ഓളം പേരുടെ പട്ടിക തയാറാക്കിയെന്ന റിപ്പോര്‍ട്ടുകളും മാനേജ്മെന്റ് തള്ളി.

1,243 ഓളം ജീവനക്കാർ നിലവിൽ തന്നെ ജോലിക്ക് വരാത്തവരായി ഉണ്ട്. ഏതാണ്ട് 600 ഓളം ജീവനക്കാർക്ക് പലമാസങ്ങളിലും 16 ഡ്യൂട്ടി എന്ന നിബന്ധന ചെയ്യുന്നതുമില്ല. ഈ സാഹചര്യത്തിലാണ് രണ്ട് വർഷം മുൻപ് അങ്ങനെ വരാത്തവർക്ക് വേണ്ടി വിആർഎസ് സ്കീം നടപ്പാക്കാൻ സർക്കാരിനോട് 200 കോടി രൂപയുടെ ഒരു നിർദേശം സമർപ്പിച്ചതെന്നും മാനേജ്മെന്റ് പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.

സർക്കാർ അന്ന് തന്നെ പദ്ധതിക്ക് പണം അനുവദിക്കാൻ പറ്റില്ലെന്ന് വ്യക്തമാക്കിയതോടെ ആ പദ്ധതി ഉപേക്ഷിച്ചിരുന്നു. അതിന് ശേഷം പകുതി ശമ്പളത്തോടെയുള്ള അവധി നൽകി ഫർലോ ലീവ് നടപ്പാക്കാൻ ഉത്തരവായി. സ്ഥിരമായി ഡ്യൂട്ടിക്ക് വരാത്തവരായുള്ള 2.000 പേരെങ്കിലും ഫർലോ ലീഫ് പ്രയോജനപ്പെടുത്തിയിരുന്നുവെങ്കിൽ നാല് കോടി രൂപയോളം രൂപ പ്രതിമാസം ശമ്പളത്തിൽ കുറവ് വരുമായിരുന്നു.

പക്ഷെ അതിന് എതിരെ ഒരു വിഭാഗം ശക്തമായ പ്രചരണം നടത്തി. ഫർലോ ലീവ് എടുക്കുന്നവരെ കുറെ നാൾ കഴിഞ്ഞ് പിരിച്ചുവിടുമെന്നുള്ള പ്രചരണം നടത്തി ആ പദ്ധതി പരാജയപ്പെടുത്തുകയാണ് ഉണ്ടായത്. ഇപ്പോൾ നിർബന്ധിത വിആർഎസ് നടപ്പാക്കുമെന്ന തരത്തിലുള്ള വാർത്ത സൃഷ്ടിക്കുന്നത് ജീവനക്കാരുടെ മനോ വിഷമം ഉണ്ടാക്കാനേ സാധിക്കൂള്ളൂ. അതിന് തയാറല്ലെന്നും കെഎസ്ആര്‍ടിസി മാനേജ്മെന്റ് വ്യക്തമാക്കി.

മാനേജ്മെന്റ് വിആർഎസ് നടപ്പാക്കുകയാണെങ്കിൽ അതിന് വേണ്ടി താൽപര്യമുള്ളവർക്ക് മാത്രമായിരിക്കും. അല്ലാതെ 50 വയസ് കഴിഞ്ഞവർക്കോ, 20 വർഷം പൂർത്തിയായവർക്കോ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. കെഎസ്ആർടിസിയിൽ ഇപ്പോൾ ഓരോ വർഷവും ആയിരത്തോളം പേരാണ് പെൻഷനാകുന്നത്. അതിൽ 3.5 കോടി രൂപയോളം ശമ്പളയിനത്തിൽ പ്രതിമാസം കുറവ് വന്നാലും, പെൻഷൻ ആനൂകൂല്യം ഉൾപ്പെടെ 125 കോടിയോളം രൂപ ഒരു വർഷം കൊടുക്കേണ്ടി വരുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

സാമ്പത്തിക പ്രതിസന്ധി: കെ എസ് ആര്‍ ടി സിയില്‍ നിര്‍ബന്ധിത വി ആര്‍ എസ് പദ്ധതി

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് കെ എസ് ആര്‍ ടി സിയില്‍ നിര്‍ബന്ധിത വിആര്‍എസ് പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. 50 വയസ് കഴിഞ്ഞതും 20 വര്‍ഷം സർവിസ് പൂര്‍ത്തിയാക്കിയവര്‍ക്കുമായിരിക്കും സ്വയം വിരമിക്കല്‍ സൗകര്യം. പദ്ധതിയുമായി ബന്ധപ്പെട്ട് 7,200 പേരുടെ പട്ടിക മാനേജ്മെന്റ് തയാറാക്കി. ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ മാനേജ്മെന്റിന് ധനവകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നു.

പദ്ധതി നടപ്പാക്കാന്‍ 1100 കോടി രൂപ വേണ്ടി വരുമെന്നാണു കണക്കുകൂട്ടല്‍. ജീവനക്കാരുടെ എണ്ണം 15,000 ആക്കി കുറയ്ക്കാന്‍ ആയിരുന്നു ധനവകുപ്പ് നിര്‍ദേശം. ശമ്പളച്ചെലവില്‍ 50 ശതമാനം കുറയ്ക്കുകയാണു ലക്ഷ്യം. നിലവില്‍ 26,000ത്തോളം ജീവനക്കാരാണുള്ളത്.

കെഎസ്ആര്‍ടിസിയില്‍ ശമ്പള തുകയും പെന്‍ഷന്‍ തുകയും നല്‍കുന്നതു വലിയ പ്രതിസന്ധിയായി തുടരുന്ന സാഹചര്യത്തിലാണു നിര്‍ബന്ധിത വി.ആര്‍.എസ്. എന്ന ആശയത്തെക്കുറിച്ച് മാനേജ്മെന്റ് ആലോചിക്കുന്നത്. ഇത്തരത്തില്‍ വിരമിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപ നല്‍കാനാണു തീരുമാനം.

ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ ശമ്പളച്ചെലവ് പകുതിയായി കുറയുമെന്നാണ് മാനേജ്മെന്റ് കരുതുന്നത്. 40 കോടി രൂപയോളം ഒരു മാസം ലാഭിക്കാനാകും. എന്നാല്‍ നടപടിയുമായി ബന്ധപ്പെട്ട് യൂണിയനുകള്‍ പരസ്യമായി നിലപാട് അറിയിച്ചിട്ടില്ല. ജീവനക്കാരെ വിആര്‍എസ് നല്‍കി മാറ്റി നിര്‍ത്തിയാല്‍ ശമ്പള വിതരണത്തിനായി ധനവകുപ്പിനെ സമീപിക്കേണ്ടി വരില്ലെന്നാണു മാനേജ്മെന്റിന്റെ നിലപാട്.

നിര്‍ബന്ധിത വിആര്‍എസ് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി

കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നു ഗതാഗതമന്ത്രി ആന്റണി രാജു. ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ല. വകുപ്പുകളുടെ ധനവിനിയോഗം സംബന്ധിച്ച് ധനവകുപ്പിനു റിപ്പോര്‍ട്ട് നല്‍കുന്ന പതിവുണ്ട്. ഇങ്ങനെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശമാണോ പുറത്തുവന്നതെന്നു പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.

വിഷയത്തില്‍ കെഎസ്ആര്‍ടിസി മാനേജ്മെന്റോ സര്‍ക്കാരോ ഔദ്യോഗികമായി ഒരു തീരുമാനവും എടുത്തിട്ടില്ല. അങ്ങനെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. യൂണിയനുകളുമായി ഇത്തരമൊരു ആശയവിനിമയം സര്‍ക്കാര്‍ തലത്തില്‍ നടത്തിയിട്ടില്ല. ഇതു കാലാകാലങ്ങളില്‍ ധനവകുപ്പ് പലവകുപ്പുകളുമായി സാമ്പത്തിക സഹായത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങളാണെന്നും മന്ത്രി പ്രതികരിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ksrtc to implement vrs