തിരുവനന്തപുരം: 15 വർഷം കഴിഞ്ഞ എല്ലാ സർക്കാർ വാഹനങ്ങളും പൊളിക്കുന്നതിൽ ഇളവ് തേടാനൊരുങ്ങി കെഎസ്ആർടിസി. 15 വർഷം എന്ന കാലാവധി നടപ്പായാൽ മൂന്നൂറിലധികം ബസുകളാണ് അടുത്ത വർഷം ഏപ്രിലിൽ പൊളിക്കേണ്ടി വരുക. അതിനടുത്ത വർഷം പൊളിക്കേണ്ട ബസുകളുടെ എണ്ണം ഇതിന്റെ ഇരട്ടിയാണ്.
കോവിഡ് മഹാമാരിയ്ക്കും അടച്ചിടലിനും ശേഷം യാത്രക്കാരുടെ എണ്ണിൽ കുറവ് വന്നത് കെഎസ്ആർടിസിയെ നഷ്ടത്തിലാക്കി. ഇന്ധനവിലക്കയറ്റവും സ്പെയർ പാർട്സ് വിലവർധനവും കെഎസ്ആർടിസിയെ വലച്ചു. അതിനുപിന്നാലെയാണ് വാഹനം പൊളിക്കൽ ചട്ടം. 15 വർഷം കഴിഞ്ഞ എല്ലാ സർക്കാർ വാഹനങ്ങളും ഏപ്രിൽ ഒന്നിനുശേഷം പൊളിക്കേണ്ടി വരും. ഇതു സംബന്ധിച്ച കരടുവിജ്ഞാപനം പൊതുജനാഭിപ്രായം തേടുന്നതിനായി കേന്ദ്രം പ്രസിദ്ധീകരിച്ചിരുന്നു.
കെഎസ്ആർടിസിയിൽ 14 വർഷം കഴിഞ്ഞ 331 ബസുകളാണ് ഇപ്പോൾ ഉള്ളത്. ചട്ടം നടപ്പായാൽ അടുത്ത വർഷം ഏപ്രിലിൽ ഇവ പൊളിക്കേണ്ടിവരും. എന്നാൽ അതിൽ ഇളവ് തേടാനൊരുങ്ങുകയാണെന്ന് കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ (സിഎംഡി) ബിജു പ്രഭാകർ പറഞ്ഞു.
’13-14 വർഷമായ 674 ബസുകളും 12-13 വർഷമായ 618 ബസുകളുമുണ്ട്. ചട്ടം നടപ്പായാൽ കാലാവധി പൂർത്തിയാകുന്നനുസരിച്ച് ഇവയെല്ലാം പൊളിക്കേണ്ടി വരും. 28 ലക്ഷം യാത്രക്കാരുണ്ടായിരുന്ന സ്ഥാനത്ത് കോവിഡിന്ശേഷം 18-20 ലക്ഷം യാത്രക്കാരാണ് ദിവസവും കെഎസ്ആർടിസി ഉപയോഗിക്കുന്നത്. അങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് ബസുകൾ പൊളിക്കുന്നതിന് പകരം ഇളവ് തേടുകയാണ് ലക്ഷ്യം,’ അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ഡ്രാഫ്റ്റ് റൂൾസാണ് വന്നിരിക്കുന്നത്. 15 വർഷം എന്നുള്ളത് കേരള സർക്കാർ രണ്ട് വർഷം കൂടെ നീട്ടി തന്നിരുന്നു. കേന്ദ്രത്തിനോടും അതാണ് ആവശ്യപ്പെടുന്നത്, അദ്ദേഹം പറഞ്ഞു.
വാഹനങ്ങൾ പൊളിക്കുകയാണോ ചെയ്യുന്നത് ?
‘നേരത്തെ വാഹനങ്ങൾ എംസ്ടിസി വഴി ടെൻഡർ ചെയ്ത് കൊടുക്കുകയാണ് പതിവ്. ചില വാഹനങ്ങൾ കഫറ്റേരിയ ആക്കാനും നൽകിയിട്ടുണ്ട്. എന്നാൽ അത് എടുത്ത ആളുകൾ അത് മുന്നോട്ട് കൊണ്ടുപോകുന്നത് കുറവാണ്. മൂന്നാറിലും മാനന്തവാടിയും സ്ലീപ്പറാക്കി കൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. അതിന് ആവശ്യക്കാരുമുണ്ട്. എന്നാൽ ഇപ്പോൾ ഉടനെ അങ്ങനെ ചെയ്യില്ല.’
ഇലക്ട്രിക് വാഹനങ്ങളുടെ സാധ്യത ?
‘ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാനുള്ള ഏറ്റവും വലിയ ബുദ്ധിമുട്ട് അതിന്റെ യാത്രദൂരമാണ്. 200-300 കി.മി ആണ് അതിന്റെ പരിധി. അതുവച്ച് ദീർഘദൂര സർവീസുകൾ നടത്താൻ പറ്റില്ല. ഓർഡിനറി, ഫാസ്റ്റ്പാസഞ്ചർ ബസുകളിൽ മാത്രമേ ഇപ്പോൾ ഇലക്ട്രിക്കിലേക്ക് മാറ്റാൻ കഴിയൂ.
ടെക്നോളജി മാറ്റം വരുന്നത് അനുസരിച്ചോ ഹൈഡ്രജൻ സെൽ വരുന്നതനുസരിച്ചോ അതിലേക്ക് മാറാൻ കഴിയും. സിഎൻജി, എൽഎൻജിലേക്ക് മാറ്റുന്നതും നിർത്തിവച്ചിരിക്കുകയാണ്. അതിന്റെ ഇന്ധനചാർജും ഡീസലിന് തുല്യമാണ്. പുതിയ ചട്ടം നടപ്പായാൽ 15 വർഷം കഴിഞ്ഞ ഒരു സർക്കാർ വാഹനത്തിനും റജിസ്ട്രേഷൻ പുതുക്കാൻ സാധിക്കില്ല,’ ബിജു പ്രഭാകർ പറഞ്ഞു.