scorecardresearch

തലസ്ഥാനത്തിന്റെ കാഴ്ചകൾ കാണാം ഇനി പുതിയൊരു ഉയരത്തിൽ നിന്ന്; നഗരം ചുറ്റിക്കാണാൻ സിറ്റി റൈഡ് സർവീസുകൾ

പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലുമാൾ റൂട്ടിലാണ് രാത്രി സർവ്വീസ്

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനമെന്നതിനുപരി വിനോദ സഞ്ചാരികളെ കൂടി ആകർഷിക്കുന്ന നഗരമാണ് തിരുവനന്തപുരം. മ്യൂസിയവും മൃഗശാലയും മുതൽ ചരിത്ര സ്മാരകങ്ങൾ വരെ നീളുന്ന നിരവധി കാഴ്ചകൾ നഗരത്തിലുണ്ട്. നഗരത്തിന്റെ കാഴ്ചകൾ വ്യത്യസ്ത രീതിയിൽ കാണാൻ പുതിയ ഒരു വഴി തുറന്നിരിക്കുകയാണ് ഇപ്പോൾ. കെഎസ്ആർടിസി ആണ് ഈ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.

മുകൾ വശം തുറന്നിട്ടുകൊണ്ടുള്ള ഡബിൾ ഡെക്കർ ബസിലുള്ള യാത്രക്കാണ് കെഎസ്ആർടിസി ഇപ്പോൾ തിരുവനന്തപുരം നഗരത്തിൽ അവസരമൊരുക്കിയത്. കെഎസ്ആർടിസി സിറ്റി റൈഡ് സർവീസ് എന്ന പേരിലാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലുമാൾ റൂട്ടിലാണ് രാത്രി സർവ്വീസ് നടത്തുന്നത്.

വൻ നഗരങ്ങളിലും വിദേശരാജ്യങ്ങളിലും ഉള്ളതുപോലെ ഇരുനില ബസിലെ മുകൾ ഭാഗത്തെ മേൽക്കൂര ഒഴിവാക്കിയ ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് കേരളത്തിൽ ഇത് ആദ്യത്തേതാണ്. തിരുവനന്തപുരം നഗരത്തിന്റെ സായാഹ്ന, രാത്രി കാഴ്ചകൾ കാണുന്നതിന് വിനോദ സഞ്ചാരികൾക്ക് സൗകര്യപ്രദമായ രീതിയിലാണ് ബസിനുള്ളിലെ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് കെഎസ്ആർടിസി അറിയിച്ചു.

പൊതു മരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ആണ് സർവ്വീസിന് തുടക്കം കുറിച്ചത്. തിരുവനന്തപുരം ന​ഗര സൗന്ദര്യം കണ്ട് ആസ്വദിക്കാനുള്ള മാതൃകാ സംരംഭമാണ് ഇതെന്നു് ബസ് ഫ്ലാ​ഗ് ഓഫ് ചെയ്തു കൊണ്ട് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ലോക പൈതൃക ദിനത്തിൽ തന്നെ ഈ സർവ്വീസ് തുടങ്ങിയതിൽ സന്തോഷമുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ​ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു. 31 വർഷം മുൻപാണ് കെഎസ്ആർടിസി ഡബിൽ ഡക്കൽ ബസ് പുറത്തിറക്കുന്നത്. അത്രയും പഴക്കമേറിയ സർവ്വീസെന്ന പ്രത്യേകതയുമുണ്ട്. ഡേ ആൻഡ് നൈറ്റ് റൈഡിന്റെ ടിക്കറ്റ് ഒരുമിച്ച് എടുക്കുന്നവർക്ക് ഉദ്ഘാടന ഓഫറായി 400 രൂപയ്ക്ക് യാത്ര ചെയ്യാമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

കെഎസ്ആർടിസിയുടെ ഓപ്പണ്‍ ഡെക്ക് ഡബിള്‍ ഡെക്കര്‍ ബസിന്റെ സിറ്റി റൈഡ് ( “KSRTC CITY RIDE”) സർവ്വീസിന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് തുടക്കം കുറിയ്ക്കുന്നു. ​ഗതാ​ഗത മന്ത്രി ആന്റണി രാജു, സിഎംഡി ബിജു പ്രഭാകർ ഐഎഎസ് തുടങ്ങിയവർ സമീപം.

ശിശു​ക്ഷേമ സമിതിയിലെ 30 കുട്ടികളുമായാണ് ആദ്യ സർവ്വീസ് നടത്തിയത്. സ്പോൺസർഷിപ്പോട് കൂടി കുറച്ച് സൗജന്യ സർവ്വീസുകളും നടത്തുമെന്ന് കെഎസ്ആർടിസി സിഎംഡി അറിയിച്ചു.

കെഎസ്ആര്‍ടി.സി ബഡ്ജെറ്റ് ടൂര്‍സ് ആണ് തിരുവനന്തപുരം നഗരം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് നഗരം ചുറ്റികാണുന്നതിനാണ് ഈ സൗകര്യം ഒരുക്കുന്നത്.

നിലവില്‍ വൈകുന്നേരം അഞ്ച് മണി മുതല്‍ രാത്രി 10 മണിവരെ നീണ്ടു നില്‍ക്കുന്ന നൈറ്റ് സിറ്റി റൈഡ് ( “NIGHT CITY RIDE” ) സർവീസും “രാവിലെ ഒമ്പത് മണിമുതല്‍ വൈകിട്ട് നാല് മണി വരെ നീണ്ടുനില്‍ക്കുന്ന ഡേ സിറ്റി റൈഡ് ( “DAY CITY RIDE”) സർവീസുമാണ് കെഎസ്ആർടിസി ആരംഭിച്ചിരിക്കുന്നത്. ഈ രണ്ട് സര്‍വ്വീസിലും ടിക്കറ്റ്‌ നിരക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് 200 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. യാത്രക്കാര്‍ക്ക് വെൽക്കം ഡ്രിങ്ക്സ്, സ്നാക്സ് എന്നിവയും ലഭ്യമാക്കും.

ഡേ ആൻഡ് നൈറ്റ് റൈഡ് ഒരുമിച്ച് ടിക്കറ്റ്‌ എടുക്കുന്നവര്‍ക്ക് പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് ഒരു ദിവസം 350 രൂപയുട് ടിക്കറ്റും ലഭ്യമാകും. ടിക്കറ്റ് ബുക്കിം​ഗ് വേണ്ടി 9447479789 ( മൊബൈൽ & വാട്ട്സ് അപ്പ്), 8129562972 ( സോഷ്യൽ മീഡിയ സെൽ വാട്ട്സ് അപ്പ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ksrtc thiruvananthapuram open double decker bus service