തിരുവനന്തപുരം: സംസ്ഥാന, അന്തര്‍-സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായി ആരംഭിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഒരുമാസം പിന്നിട്ടപ്പോള്‍ ‘സൂപ്പര്‍ ഹിറ്റ്’. 1078 യാത്രകളില്‍നിന്നായി 3,01,62,808 രൂപയാണ് വരുമാനം. 549 ബസുകളിലായി 55,775 പേരാണ് ഒരു മാസത്തിനുള്ളില്‍ യാത്ര നടത്തിയത്.
എസി സീറ്റര്‍, നോണ്‍ എസി സീറ്റര്‍, എസി സ്ലീപ്പര്‍ എന്നീ വിഭാഗത്തിലുളള ബസുകളാണ് സ്വിഫ്റ്റ് സംവിധാനത്തില്‍ സര്‍വീസ് നടത്തുന്നത്. നോണ്‍ എസി വിഭാഗത്തില്‍ പതിനേഴും എസി സീറ്റര്‍ വിഭാഗത്തില്‍ അഞ്ചും വിഭാഗത്തില്‍ നാലും സര്‍വീസാണ് ദിനംപ്രതിയുള്ളത്.
എസി സ്ലീപ്പറില്‍ കോഴിക്കോട്-ബെംഗളൂരു രണ്ട് ട്രിപ്പ്, കണിയാപുരം-ബംഗളൂരു, തിരുവനന്തപുരം-ബംഗളൂരു ഓരോ ട്രിപ്പുമാണ് ദിവസവുമുള്ളത്. എസി സീറ്റര്‍ വിഭാഗത്തില്‍ കോഴിക്കോട്-ബെംഗളൂരു, തിരുവനന്തപുരം-പാലക്കാട് രണ്ട് വീതം സര്‍വീസും പത്തനംതിട്ട-ബംഗളൂരു ഒരു സര്‍വീസും നടത്തുന്നുണ്ട്.
നോണ്‍ എസി വിഭാഗത്തില്‍ തിരുവനന്തപുരം-കോഴിക്കോട് മൂന്ന്, തിരുവനന്തപുരം-കണ്ണൂര്‍ ഒന്ന്, നിലമ്പൂര്‍-ബംഗളൂരു ഒന്ന്, തിരുവനന്തപുരം-പാലക്കാട് ഒന്ന്, തിരുവനന്തപുരം-നിലമ്പൂര്‍ ഒന്ന്, തിരുവനന്തപുരം-സുല്‍ത്താന്‍ബത്തേരി രണ്ട്, പത്തനംതിട്ട-മൈസൂര്‍ ഒന്ന്, പത്തനംതിട്ട-മംഗലാപുരം ഒന്ന്, പാലക്കാട്-ബംഗളൂരു ഒന്ന്, കണ്ണൂര്‍-ബംഗളൂരു ഒന്ന്, കൊട്ടാരക്കര-കൊല്ലൂര്‍ ഒന്ന്, തലശേരി-ബംഗളൂരു ഒന്ന്, എറണാകുളം-കൊല്ലൂര്‍ ഒന്ന്, തിരുവനന്തപുരം-മണ്ണാര്‍ക്കാട് ഒന്ന് എന്നിങ്ങനെ 17 സര്‍വീസാണ് സ്വിഫ്റ്റിലുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത സ്വിഫ്റ്റ് സര്‍വിസ് വിവാദങ്ങളുടെ അകമ്പടിയോടെയാണ് ആരംഭിച്ചത്. കെഎസ്ആര്‍ടിസിയെ ഇല്ലാതാക്കാനുള്ളതാണ് സ്വിഫ്റ്റ് എന്ന ആരോപണം ജീവനക്കാരുടെ ഇടയില്‍നിന്നു തന്നെ ഉയര്‍ന്നിരുന്നു. ഇതിനു പുറമെ സര്‍വിസ് ഉദ്ഘാടന ദിവസവും തുടര്‍ന്നും സ്വിഫ്റ്റ് ബസുകള്‍ വിവിധയിടങ്ങളില്‍ അപകടത്തില്‍പ്പെട്ടതും വാര്‍ത്തകളില്‍ ഇടംപിടിച്ചു. അതേസമയം, സീസണ്‍ സമയങ്ങളില്‍ തിരക്ക് ഒഴിവാക്കാന്‍ സ്വിഫ്റ്റ് ബസ് ട്രിപ്പുകളുടെ എണ്ണം കൂട്ടുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് കെഎസ്ആര്‍ടിസി.