തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്ക് പിൻവലിച്ചു. സർവീസുകൾ പുനരാരംഭിക്കുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. സംഘടനാ നേതാക്കളും ഡിസിപിയുമായുള്ള ചർച്ചയിലാണ് തീരുമാനം. അറസ്റ്റിലായവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കും.

കിഴക്കേകോട്ടയിൽ നിന്നുള്ള കെഎസ്ആർ​ടി​സി സിറ്റി ബസ് സർവീസുകളും തമ്പാനൂരിൽ നിന്നുള്ള ദീർഘദൂര സർവീസുകളും നിർത്തിവച്ചിരുന്നു. ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള സൗജന്യ സ്വകാര്യ ബസ് സർവീസിനെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ ബസ് തടയുകയായിരുന്നു. സ്വകാര്യബസ് തടഞ്ഞ എടിഒ യെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതാണ് മിന്നൽ പണിമുടക്കിലേക്ക് നയിച്ചത്.

KSRTC,കെഎസ്ആർടിസി,east fort,KSRTC city services,bus services,കിഴക്കേകോട്ട,നിർത്തിവച്ചു, iemalayalam, ഐഇ മലയാളം

സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്ത സിറ്റി ഡിടിഒയെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് മിന്നൽ പണിമുടക്ക് ആരംഭിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മുന്നിൽ ഉപരോധിച്ച കെഎസ്ആർ​ടി​സി ജീവനക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഡിറ്റിഒ ശ്യാം ലോപ്പസ് ഉൾപ്പെടെ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

‌തർക്കത്തിനിടെ സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥനേയും, സ്വകാര്യ ബസ് ജീവനക്കാരനെയും മർദിച്ചത് കൊണ്ടാണ് എടിഒയെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ വീഴാൻ തുടങ്ങിയ പൊലീസ് ഉദ്യോ​ഗസ്ഥനെ തടയുക മാത്രമേ എടിഒ ചെയ്തിട്ടുള്ളൂവെന്ന് കെഎസ്ആർടിസി ജീവനക്കാർ പറഞ്ഞു.

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കെഎസ്ആർടിസി എല്ലാ കൊല്ലവും സൗജന്യസർവീസ് നടത്താറുള്ളതാണെന്നും സ്വകാര്യ ബസ് ഇപ്പോള്‍ സൗജന്യസർവീസ് നടത്തുന്നത് പൊലീസ് സഹായത്തോടെയാണെന്നും ജീവനക്കാർ ആരോപിച്ചു. കിഴക്കേക്കോട്ടയിൽ നിന്ന് ആറ്റുകാലിലേക്ക് സ്വകാര്യ ബസുകൾ അനധികൃതമായി സർവീസ് നടത്തുന്നുവെന്നാണ് കെഎസ്ആർടിസി ജീവനക്കാർ പറയുന്നത്.

കെഎസ്‌ആർടിസിയുടെ മിന്നൽ പണിമുടക്കിനിടെ കുഴഞ്ഞുവീണു ഒരാൾ മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രൻ (64 വയസ്) ആണ് മരിച്ചത്. കിഴക്കേ കോട്ടയിൽ വച്ചാണ് സുരേന്ദ്രന് ദേഹാസ്വസ്ഥ്യമുണ്ടായത്. ഇയാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടുറോഡില്‍ ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ നിരവധി പേര്‍ ചേര്‍ന്ന് ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോഴാണ് ഇയാൾക്ക് ദേഹാസ്വസ്ഥ്യമനുഭവപ്പെട്ടത്. കെഎസ്‌ആർടിസിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കെസെടുത്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.