തിരുവനന്തപുരം: ഇന്നലെ കെഎസ്ആർടിസി നടത്തിയ മിന്നൽ പണിമുടക്കിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ജീവനക്കാരെ അറസ്റ്റ് ചെയ്തതിനെതിരെയാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. ബസുകൾ പിന്നെ ആകാശത്ത് കൊണ്ടുപോയി ഇടാൻ പറ്റുമോ എന്നും കാനം ചോദിച്ചു. പ്രശ്നം വഷളാക്കിയതിനു കാരണം പൊലീസിന്റെ ഇടപെടലാണ്. രണ്ട് മണിക്കൂർ നേരം പ്രശ്നം പരിഹരിക്കാൻ നോക്കിയില്ല. അപ്പോഴാണ് പ്രതിഷേധം ശക്തമായതെന്നും കാനം പറഞ്ഞു.
Read Also: ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിലെ തട്ടിപ്പുകൾ തടയാൻ നടപടികളുമായി ഇന്ത്യൻ റെയിൽവേ
അതേസമയം, കെഎസ്ആർടിസി മിന്നൽ സമരത്തെ അതിരൂക്ഷമായ ഭാഷയിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിമർശിച്ചത്. കഴിഞ്ഞ ദിവസം നടന്ന പണിമുടക്ക് അന്യായമാണെന്നും സമരത്തിനിടെ മരിച്ച സുരേന്ദ്രന്റെ കുടുംബത്തിനു സർക്കാർ സഹായം നൽകുമെന്നും കടകംപള്ളി പറഞ്ഞു. പണിമുടക്കിനിടെ കുഴഞ്ഞുവീണു മരിച്ച സുരേന്ദ്രന്റെ വീട് മന്ത്രി സന്ദർശിച്ചു. ഭാര്യ പ്രമീളയെയും കുടുംബാംഗങ്ങളേയും മന്ത്രി ആശ്വസിപ്പിച്ചു. കുടുംബത്തിനുവേണ്ട എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്നും മുഖ്യമന്ത്രിയോടും ഗതാഗതമന്ത്രിയോടും ഇക്കാര്യം സംസാരിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
Read Also: ബ്രാഹ്മണർക്കായി ‘സ്പെഷൽ’ ടോയ്ലറ്റ്; ആ ചിത്രത്തിനു പിന്നിൽ
“മിന്നൽ പണിമുടക്ക് നടത്തിയവർ മര്യാദ കേടാണ് കാട്ടിയത്. അന്യായമാണ് ഇന്നലെ തലസ്ഥാനത്ത് നടന്നത്. ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ് കെഎസ്ആർടിസി ഇന്നലെ നടത്തിയത്. ഒരു തരത്തിലും ഇതിനെ ന്യായീകരിക്കാൻ സാധിക്കില്ല. സമരത്തിന്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ചെയ്തിരിക്കുന്നത്. ജനങ്ങളുടെ നികുതി പണമെടുത്താണ് കെഎസ്ആർടിസിക്ക് തീറ്റ കൊടുക്കുന്നത്. അങ്ങനെയുള്ള അവർ എന്ത് സാമൂഹ്യപ്രതിബദ്ധതയാണ് ഇന്നലെ കാണിച്ചത്? ഒരു തരത്തിലും അതിനെ ന്യായീകരിക്കാൻ പറ്റില്ല.” കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.