തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി പ്രതിപക്ഷ യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് പുരോഗമിക്കുന്നു. അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് ഇന്ന് രാത്രി 12 വരെ നീളും. എന്നാല്‍ പണിമുടക്കില്‍ ജനം വലയുകയാണ്, വടക്കന്‍ ജില്ലകളില്‍ പലയിടത്തും സര്‍വീസുകള്‍ മുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
ആലപ്പുഴ, പത്തനംതിട്ട, കാസര്‍ഗോഡ് ഡിപ്പോകളിലെ മുഴുവന്‍ സര്‍വീസുകളും മുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം തമ്പാനൂരില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ പലതും റദ്ദാക്കിയതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
പണിമുടക്കിനെ നേരിടാന്‍ കെഎസ്ആര്‍ടിസി ഡയ്സ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിഷേധവുമായി മുന്നോട്ട് പോവുകയാണെന്നാണ് തൊഴിലാളി സംഘടനകള്‍ പറയുന്നത്. സിഐടിയും പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും എഐടിയുസി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ ഗതാഗത മന്ത്രി ആന്റണി രാജുവുമായി യൂണിയനുകള്‍ നടത്തിയ ചര്‍ച്ച വിജയിച്ചില്ല. കഴിഞ്ഞ മാസത്തെ ശമ്പളം പത്താം തീയതി തരാമെന്ന നിലപാടിനോട് യോജിക്കന്‍ കഴിയില്ലെന്ന് യൂണിയനുകള്‍ വ്യക്തമാക്കി. അടുത്തമാസം മുതല്‍ അഞ്ചാം തീയതി മുതല്‍ ശമ്പളം നല്‍കാമെന്നാണ് സര്‍ക്കാര്‍ ചര്‍ച്ചയില്‍ മുന്നോട്ട് വച്ച നിലപാട്.
അഞ്ചാം തീയതി ശമ്പളം നല്‍കണമെന്ന യൂണിയനുകളുടെ ആവശ്യം ന്യായമാണെന്ന് ആന്റണി രാജു പറഞ്ഞു. “കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. പണിമുടക്ക് നടത്തുന്നത് പ്രതിസന്ധി വര്‍ധിപ്പിക്കും. തൊഴിലാളികളുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്,” ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.
Also Read: കോവിഡ് മഹാമാരി അവസാനിച്ചാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് അമിത് ഷാ