തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. 24 മണിക്കൂറാണ് പണിമുടക്കുന്നത്. ശമ്പളം വിതരണം ചെയ്യുക, പുതിയ ബസുകള്‍ വാങ്ങുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പണിമുടക്കുന്നത്. സംസ്ഥാനത്ത് പണിമുടക്കിനെ തുടർന്നു യാത്രാക്ലേശം രൂക്ഷമായി. പല ഡിപ്പോകളിൽ നിന്നും ഭൂരിഭാഗം വണ്ടികളും സർവീസ് നടത്തുന്നില്ല.

സമരത്തെ നേരിടാന്‍ കെഎസ്ആർടിസി മാനേജുമെന്റ് ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജോലിക്ക് ഹാജരാകാത്തവരില്‍ നിന്ന് ഒരു ദിവസത്തെ ശമ്പളം ഈടാക്കും. സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ഡ്രൈവര്‍മാരുടെ കുറവ് കാരണം നേരത്തെ തന്നെ സര്‍വീസുകള്‍ വെട്ടിക്കുറച്ചിരുന്നു. അതിനു പിന്നാലെയാണ് പണിമുടക്ക്. ഇത് യാത്രാക്ലേശം ഇരട്ടിയാക്കി. പണിമുടക്ക് നടത്തരുതെന്ന് ഗതാഗതമന്ത്രി ആവശ്യപ്പെട്ടിരുന്നെങ്കിലും സംഘടനകൾ നിലപാട് മാറ്റിയില്ല.

Read Also: ‘വഴിതെറ്റിച്ച് വളയം തിരിച്ചത് കുഞ്ഞുജീവനായി’; രക്ഷകനായി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍

രാവിലെ ജോലിക്കെത്തിയ പല ജീവനക്കാരെയും സമരാനുകൂലികൾ തടഞ്ഞു. ജീവനക്കാരുടെ ശമ്പളം കൃത്യമായി നൽകാൻ സാധിക്കാത്തതു സർക്കാരിന്റെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സിഐടിയു, എഐടിയുസി, ബിഎംഎസ് എന്നിവയുടെ ആഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.