തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ ഒക്ടോബർ രണ്ട് മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവെച്ചു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി തൊഴിലാളി സംഘടനകൾ നടത്തിയ ചർച്ചയെ തുടർന്നാണ് ഇക്കാര്യത്തിൽ തീരുമാനമായത്.സിംഗിൾ ഡ്യൂട്ടി പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുമെന്ന മന്ത്രിയുടെ ഉറപ്പിന്മോലാണ് നിലവിൽ സമരം മാറ്റിവെക്കാൻ ജീവനക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഒക്ടോബർ 17ന് ചർച്ച നടത്താനും ധാരണയായി. ഈ ചർച്ചക്ക് ശേഷമെ സമരത്തിൽ അന്തിമ തീരുമാനത്തിൽ എത്തു. 17 ന് നടക്കുന്ന ചർച്ചയിൽ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ, കെഎസ്ആർടിസി എം ഡി എന്നിവർക്ക് പുറമെ തൊഴിൽ മന്ത്രിയും പങ്കെടുത്തേക്കും.

പണിമുടക്കിന് കേരള ഹൈക്കോടതി സ്റ്റേ നൽകിയിട്ടുണ്ടെങ്കിലും സമരവുമായി മുന്നോട്ട് പോകാനാണ് നേരത്തെ ജീവനക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ മന്ത്രിയുമായി നടന്ന ചർച്ചക്ക് ശേഷം സമരം മാറ്റിവെക്കുകയായിരുന്നു. സിംഗിൾ ഡ്യൂട്ടി പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കാൻ കെഎസ്ആർടിസി എം.ഡി നടപടി സ്വീകരിക്കും. പിരിച്ചുവിട്ട 143 ജീവനക്കാരെ സംരക്ഷിക്കാമെന്ന് സംഘടനകൾക്ക് മന്ത്രി ഉറപ്പുനൽകി.

സിംഗിള്‍ ഡ്യൂട്ടി പരിഷ്കാരമാണ് കെഎസ്ആർടിസിയിൽ വലിയ പ്രതിഷേധത്തിന് കാരണമായത്. ഈ തീരുമാനം എംഡി ഏകപക്ഷീയമായി സ്വീകരിച്ചതാണെന്ന് തൊഴിലാളികൾ പറഞ്ഞു. ഇക്കാര്യത്തിൽ യൂണിയനുകളുടെ ആവശ്യം പരിഗണിക്കണമെന്ന മന്ത്രിയുടെ നിർദ്ദേശം എംഡി തളളിക്കളഞ്ഞു. ഇന്ധനച്ചെലവിന്റെ പേരില്‍ ഷെഡ്യൂളുകൾ വെട്ടിക്കുറച്ചതും എംഡിക്കെതിരെ തൊഴിലാളികളെ ചൊടിപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.