തിരുവനന്തപുരം: കെഎസ്ആർടിസി മിന്നൽ പണിമുടക്കിനെതിരെ ഉടൻ നടപടിയെടുക്കില്ല. മിന്നൽ പണിമുടക്ക് നടത്തി യാത്രക്കാരെ ബുദ്ധിമുട്ടിച്ച കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ഗതാഗതവകുപ്പ് നടപടിയെടുക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, കെഎസ്ആർടിസിയുടെ പിടിവാശിക്ക് മുൻപിൽ സർക്കാർ വഴങ്ങി. ഉടൻ നടപടിയില്ലെന്നും എസ്‌മയോട് യോജിപ്പില്ലെന്നും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ജീവനക്കാർക്കെതിരെ നടപടിയെടുത്താൽ ശക്തമായി പ്രതിഷേധിക്കുമെന്നും അനിശ്ചിതകാല സമരം നടത്തുമെന്നും ട്രേഡ് യൂണിയനുകൾ പറഞ്ഞിരുന്നു. ജനരോഷം ശക്തമായ സാഹചര്യത്തിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കർശനനടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നിർദേശിച്ചിരുന്നു.

കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ഗതാഗതമന്ത്രിയും വിമർശനമുന്നയിച്ചിരുന്നു. ഗതാഗതമന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്നു യോഗം ചേർന്നിരുന്നു. ഇന്നു നടക്കുന്ന യോഗത്തിൽ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നായിരുന്നു വിവരം. അതേസമയം, മിന്നൽ പണിമുടക്ക് സംബന്ധിച്ചുള്ള റിപ്പോർട്ട് ജില്ലാ കലക്‌ടർ ഗതാഗതമന്ത്രിക്ക് സമർപ്പിച്ചു. കെഎസ്ആർടിസി സമരത്തെ പൂർണമായി തള്ളികളയുന്നതാണ് കലക്‌ടറുടെ റിപ്പോർട്ട് എന്നാണ് സൂചന.

Read Also: Horoscope Today March 06, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

കെഎസ്ആർടിസി മിന്നൽ സമരത്തെ അതിരൂക്ഷമായ ഭാഷയിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം വിമർശിച്ചത്. പണിമുടക്ക് അന്യായമാണെന്നും സമരത്തിനിടെ മരിച്ച സുരേന്ദ്രന്റെ കുടുംബത്തിനു സർക്കാർ സഹായം നൽകുമെന്നും കടകംപള്ളി പറഞ്ഞു. പണിമുടക്കിനിടെ കുഴഞ്ഞുവീണു മരിച്ച സുരേന്ദ്രന്റെ വീട് മന്ത്രി ഇന്നലെ സന്ദർശിച്ചു. ഭാര്യ പ്രമീളയെയും കുടുംബാംഗങ്ങളേയും മന്ത്രി ആശ്വസിപ്പിച്ചു. കുടുംബത്തിനുവേണ്ട എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്നും മുഖ്യമന്ത്രിയോടും ഗതാഗതമന്ത്രിയോടും ഇക്കാര്യം സംസാരിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു.

“മിന്നൽ പണിമുടക്ക് നടത്തിയവർ മര്യാദ കേടാണ് കാട്ടിയത്. അന്യായമാണ് ഇന്നലെ തലസ്ഥാനത്ത് നടന്നത്. ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ് കെഎസ്ആർടിസി ഇന്നലെ നടത്തിയത്. ഒരു തരത്തിലും ഇതിനെ ന്യായീകരിക്കാൻ സാധിക്കില്ല. സമരത്തിന്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ചെയ്‌തിരിക്കുന്നത്. ജനങ്ങളുടെ നികുതി പണമെടുത്താണ് കെഎസ്ആർടിസിക്ക് തീറ്റ കൊടുക്കുന്നത്. അങ്ങനെയുള്ള അവർ എന്ത് സാമൂഹ്യപ്രതിബദ്ധതയാണ് ഇന്നലെ കാണിച്ചത്? ഒരു തരത്തിലും അതിനെ ന്യായീകരിക്കാൻ പറ്റില്ല.” കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook