കൊച്ചി: കൊച്ചി മെട്രോയ്ക്ക് ഫീഡര്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. കൊച്ചി മെട്രോ സ്‌പെഷ്യല്‍ ഫീഡര്‍ സര്‍വീസ് എന്ന പേരില്‍ ലോഫ്‌ളോര്‍-എസി, നോണ്‍ എസി ബസ്സുകളാണ് തിങ്കളാഴ്ച മുതല്‍ കെഎസ്ആര്‍ടിസി നിരത്തിലിറക്കുക. മെട്രോ സര്‍വീസ് ആരംഭിക്കുന്ന ആലുവ, പ്രധാന സ്റ്റേഷനുകളില്‍ ഒന്നായ ഇടപ്പള്ളി എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഫീഡര്‍ സര്‍വീസുകള്‍ നടത്തുകയെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.

കെഎസ്ആര്‍ടിസിക്ക് മാത്രം സര്‍വീസ് അനുമതിയുള്ള ആലുവ-അങ്കമാലി റൂട്ടിന് പുറമെ പെരുമ്പാവൂര്‍, നോര്‍ത്ത് പറവൂര്‍ എന്നിവിടങ്ങളില്‍ നിന്നും ആലുവയിലേക്ക് ഫീഡര്‍ സര്‍വീസുകളുണ്ടാകും. പാലാരിവട്ടത്തിനടുത്തുള്ള പ്രധാന സ്റ്റേഷനുകളില്‍ ഒന്നായ ഇടപ്പള്ളിയില്‍ നിന്നും ഫോര്‍ട്ട്‌കൊച്ചി/മട്ടാഞ്ചേരി (കണ്ടെയ്‌നര്‍ റോഡ് വഴി) റൂട്ടിലും ആദ്യ ഘട്ടത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഓടിക്കും. എസി-നോണ്‍ എസി വിഭാഗത്തില്‍പ്പെട്ട 40 ബസുകളുപയോഗിച്ചാകും ഈ സര്‍വീസുകള്‍ നടത്തുക.

ഫീഡര്‍ സര്‍വീസുകളുടെ നടത്തിപ്പിനും ഏകോപനത്തിനുമായി 2 സ്‌പെഷ്യല്‍ ഓഫീസര്‍മാരെയും ഒരു കോ-ഓര്‍ഡിനേറ്ററേയും നിയമിച്ചു. കെഎസ്ആര്‍ടിസി സര്‍വീസുകളെക്കുറിച്ച് മെട്രോ യാത്രക്കാര്‍ക്ക് വിവരം നല്‍കുന്നതിനായി എല്ലാ സ്‌റ്റേഷനുകളിലും ഒരു മുഴുവന്‍ സമയ ഉദ്യോഗസ്ഥനെ ഒരു മാസത്തേക്ക് നിയമിക്കും. മെട്രോ പ്രവര്‍ത്തിക്കുന്ന രാവിലെ 5 മുതല്‍ രാത്രി 10.30 വരെയുള്ള സമയങ്ങളില്‍ ഫീഡര്‍ സര്‍വീസുകളുണ്ടാകും. മെട്രോ സ്‌റ്റേഷനുകള്‍ക്ക് സമീപത്തെ ഡിപ്പോകളില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന ബസ്സുകള്‍ തൊട്ടടുത്ത മെട്രോ സ്‌റ്റേഷനുകളിലേക്ക് നീട്ടാനും ധാരണയായി.

സര്‍വീസുകളുടെ ഏകോപനത്തിന് ഫീഡര്‍ സര്‍വീസുകളുടെ ചുമതലയുള്ള ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി വാട്ട്‌സ് ആപ്പ് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ