കല്‍പ്പറ്റ: പ്രളയക്കെടുതിയില്‍ നിന്നും കരകയറാനാകാതെ വയനാട്. ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനു പിന്നാലെ കാരാപ്പുഴ ഡാമിന്റെ ഷട്ടറുകളും തുറക്കുക കൂടി ചെയ്തതാണ് ജില്ലയില്‍ പ്രളയ ഭീതിയുണര്‍ത്തിയിരിക്കുന്നത്. കാരാപ്പുഴയുടെ ഷട്ടര്‍ കൂടി കൂടുതല്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ പനമരം പുഴയിലേക്ക് എത്തുന്ന വെള്ളത്തിന്റെ അളവ് കൂടുന്നതായിരിക്കും.

കനത്ത മഴ തുടരുന്ന സാഹചര്യത്താലാണ് കാരാപ്പുഴ ഡാം തുറന്നത്. കരയിലുള്ളവര്‍ ജാഗ്രത പാലിക്കണം. 16.8.2018 രാവിലെ 9 മണി മുതല്‍ ആണ് ഡാം തുറന്നത്. ഘട്ടം ഘട്ടം ആയി 25 സെന്റിമീറ്റര്‍ തുറക്കും. പുഴയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ഡാം ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ രാവിലെ മുതല്‍ താൽക്കാലികമായി കാരാപ്പുഴ അമ്പലവയല്‍ റോഡിലൂടെ ഉള്ള യാത്ര നിരോധിച്ചതായും എഇ അറിയിച്ചു.

Live Updates: കേരള പ്രളയം; തൽസമയ വാർത്തകൾ

ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം 20000 കവിഞ്ഞിരിക്കുകയാണ്. അതേസമയം, താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസ്സമില്ല. ഈങ്ങാപുഴയിലും നെല്ലാങ്കണ്ടി ഭാഗത്തും കോഴിക്കോട് – വയനാട് റൂട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്നുള്ള ഗതാഗത തടസ്സമുണ്ടെന്നുമാണ് അധികൃതര്‍ അറിയിച്ചത്. വയനാട് ചുരത്തില്‍ അടിവാരം മുതല്‍ ലക്കിടി വരെ ഇപ്പോള്‍ യാതൊരു ഗതാഗത തടസ്സവും ഇല്ല. വയനാട് ചുരത്തില്‍ ഉരുള്‍പൊട്ടിയതായി ഫോട്ടോ കാണിച്ചുകൊണ്ട് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ഇതില്‍ വാസ്തവമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

അതേസമയം, ചുരത്തില്‍ മണ്ണിടിയാനുള്ള സാധ്യതയുള്ളതിനാല്‍ കല്‍പ്പറ്റയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നിര്‍ത്തിയിട്ടുണ്ട്. നെടുമ്പൊയില്‍ ചുരത്തില്‍ 33-ാം മൈലില്‍ മണ്ണിടിഞ്ഞതോടെ വയനാട് ജില്ലയിലേക്ക് കണ്ണൂരില്‍ നിന്നുമുള്ള രണ്ട് വഴികളും അടഞ്ഞിരിക്കുകയാണ്. പേരിയ ബോയ്‌സ് ടൗണ്‍ ചുരം മണ്ണിടിച്ചിലിനെ തുടര്‍ന്ന് നേരത്തെ തന്നെ അടച്ചിരുന്നു. ഇതോടെ കോഴിക്കോട് വയനാട് റൂട്ടിലെ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. കുറ്റ്യാടി ചുരത്തിലും മണ്ണിടിഞ്ഞിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ