തിരുവനന്തപുരം: കെഎസ്ആർടിസി ഭൂമി ഉദ്യോഗസ്ഥർ മുറിച്ചുവിറ്റതായി സ്ഥാനമൊഴിഞ്ഞ മാനേജിംഗ് ഡയറക്ടറുടെ കണ്ടെത്തൽ. നിയമവിരുദ്ധമായി ഭൂമി മറിച്ചുവിറ്റതുവഴി കോർപ്പറേഷന് കനത്ത നഷ്ടമുണ്ടായെന്നും എംഡിയായിരിക്കെ രാജമാണിക്യം കണ്ടെത്തി. മാതൃഭൂമിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

തിരുവനന്തപുരം വിമാനത്താവളത്തിന് സമീപമുള്ള ഈഞ്ചയ്ക്കൽ ഡിപ്പോയുടെ ഭൂമിയാണ് മുറിച്ചുവിറ്റത്. 10 സെന്റ് ഭൂമിക്ക് ആകെ 1.45 ലക്ഷം രൂപയാണ് കെഎസ്ആർടിസിക്ക് സ്ഥലം വാങ്ങിയ വ്യക്തി നൽകിയത്. ഈ വസ്തുവിന് 15 ലക്ഷത്തിലേറെ വിലയുണ്ട്.

യുഡിഎഫ് സർക്കാർ അധികാരത്തിലിരിക്കെ നാല് വർഷം മുൻപാണ് ഈ ഇടപാട് നടന്നത്. വാങ്ങിയ പണം പലിശസഹിതം തിരികെ നൽകി സ്ഥലം വീണ്ടെടുക്കാൻ എംഡി ഉത്തരവിട്ടെങ്കിലും സ്വകാര്യവ്യക്തി സ്ഥലം നൽകുന്നില്ലെന്നായിരുന്നു എസ്റ്റേറ്റ് വിഭാഗം ഉദ്യോഗസ്ഥർ നൽകിയ മറുപടി.

വിശദമായ അന്വേഷണത്തിന് എംജി രാജമാണിക്യം തയ്യാറെടുക്കുന്നതിന് മുൻപ് അദ്ദേഹത്തിന് സ്ഥാനമാറ്റം ലഭിച്ചു. മുൻ എസ്റ്റേറ്റ് ഓഫീസറുടെ ബന്ധുവിന് എസ്റ്റേറ്റ് ഓഫീസർ തന്നെയാണ് സ്ഥലം കൈമാറിയതെന്നാണ് സൂചന.

ദീര്‍ഘദൂര ബസുകള്‍ക്ക് പ്രത്യേക ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനുവേണ്ടിയാണ് ഈഞ്ചയ്ക്കലില്‍ അഞ്ച് ഏക്കര്‍ കെഎസ്ആർടിസി ഏറ്റെടുത്തത്. എന്നാല്‍, ടെര്‍മിനല്‍ നിര്‍മാണം മുന്നോട്ട് പോയില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ