കൊച്ചി: കാട്ടാക്കട കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ പിതാവിനെ മകളുടെ മുന്നില്‍ ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ ഹൈക്കോടതി അടിയന്തര റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ കെ എസ് ആര്‍ ടി സി എംഡിയുടെ വിശദീകരണം എത്രയും വേഗം നല്‍കാന്‍ കോടതി കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കോണ്‍സലിന് നിര്‍ദേശം നല്‍കി.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്റെ നടപടി. വിദ്യാര്‍ത്ഥിനിയേയും പിതാവിനെയും മര്‍ദിച്ചതു ശമ്പളം കിട്ടാതെ കഷ്ടപ്പെടുന്ന കെ എസ് ആര്‍ ടി സി ജീവനക്കാരോട് ജനങ്ങള്‍ക്കുള്ള സഹാനുഭൂതി നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നു കോടതി വാക്കാല്‍ പറഞ്ഞു. റിപ്പോര്‍ട്ട് നാളെ സമര്‍പ്പിച്ചേക്കും.
തിരുവനന്തപുരം ആമച്ചല്‍ സ്വദേശി പ്രേമാനു മർദനമേറ്റത്. പരാതിയിൽ കാട്ടാക്കട ഡിപ്പോ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. മര്‍ദനമേറ്റ പ്രേമന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. ഇവിടെയെത്തി പൊലീസ് മൊഴിയെടുത്തു.
സംഭവത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു കെ എസ് ആർ ടി സി സിഎംഡിയുടെ റിപ്പോര്‍ട്ട് തേടി. കെ എസ് ആർ ടി സിയ്ക്കു കളങ്കമുണ്ടാക്കുന്ന നടപടിയാണു ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോര്‍ട്ട് ലഭിച്ചശേഷം മുഖംനോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മകളുടെ ബസ് കണ്‍സഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണു പ്രേമൻ കാട്ടാക്കട ഡിപ്പോയിലെത്തിയത്. കണ്‍സഷന്‍ അനുവദിക്കാന്‍ മകളുടെ ഡിഗ്രി കോഴ്സ് സര്‍ട്ടിഫിക്കറ്റ് അടക്കം ഹാജരാക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. മൂന്നുമാസമായി താന്‍ കണ്‍സഷനായി നടക്കുകയാണെന്നും എത്രയും വേഗം അനുവദിക്കണമെന്നും ജീവനക്കാരുടെ ഇത്തരം സമീപനമാണ് കെ എസ് ആര്‍ ടി സി നഷ്ടത്തിലാകാന്‍ കാരണമെന്നും പ്രേമന്‍ പറഞ്ഞു. ഇതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചതെന്നാണു പ്രേമൻ പറഞ്ഞു.