തിരുവനന്തപുരം: ശബരിമല മണ്ഡലകാല മകരവിളക്ക് മഹോത്സവത്തിന് കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ പൂർണ്ണ സജ്ജമാണെന്ന് കെഎസ്ആർടിസി അറിയിച്ചു. മുൻ വർഷങ്ങളിലേത് പോലെ ഇത്തവണയും നിലയ്ക്കൽ – പമ്പ ചെയിൻ സർവ്വീസുകളും, പമ്പയിൽ നിന്നുള്ള ദീർഘ ദൂര സർവ്വീസുകളും ആരംഭിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി വ്യക്തമാക്കി.

നിലയ്ക്കൽ – പമ്പ ചെയിൻ സർവ്വീസിനായി ആദ്യഘട്ടത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നായി 40 ബസുകൾ ഏർപ്പെടുത്തിക്കഴി‍ഞ്ഞു. ഇത് കൂടാതെ ചെങ്ങന്നൂർ , എറണാകുളം, കോട്ടയം, റെയിൽവെ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് തീർത്ഥാടകർക്ക് പമ്പയിൽ എത്തുന്നതിന് വേണ്ടി ആവശ്യാനുസരണം സർവ്വീസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കെഎസ്ആർടിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

പമ്പ സ്പെഷ്യൽ സർവ്വീസുകളുടെ അറ്റകുറ്റ പണികൾക്കായി ആവശ്യമായ മെക്കാനിക്കൽ വിഭാഗം ജീവനക്കാരേയും മറ്റ് ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്.  പമ്പയിൽ ഒരു സ്പെഷ്യൽ ഓഫീസറെയും നിയമിച്ചു.  കൊവിഡ് 19 നിലനിൽക്കുന്ന സാഹചര്യത്തിൽ സാധാരണ ദിവസങ്ങളിൽ 1000 പേരെയും, വാര്യാന്ത്യ ദിവസങ്ങളിൽ‍ 2000 പേരെയും, വിശേഷ ദിവസങ്ങളിൽ 5000 പേരെയുമാണ് ദർശനം നടത്താൻ അനുവദിക്കുന്നത്. ഈ സാഹചര്യത്തിൽ ശബരിമലയിൽ ദർശനത്തിന് എത്തുന്ന ഭക്തർക്ക് വേണ്ടി ആവശ്യാനുസരണം ബസുകൾ സർവ്വീസ് നടത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചു കഴിഞ്ഞുവെന്നും കെഎസ്ആർടിസി അറിയിച്ചു.

Read More: കെഎസ്ആര്‍ടിസിയുടെ റിസര്‍വേഷന്‍ ആപ്പ്: അറിയാം വിശദാംശങ്ങള്‍

ഇതിന് പുറമെ 40 പേരിൽ കുറയാത്ത തീർത്ഥാടക സംഘങ്ങൾക്ക് കെഎസ്ആർടിസിയുടെ വിവിധ യൂണിറ്റുകളിൽ നിന്നും പമ്പയിലേക്കും തിരിച്ചും സൗകര്യ പ്രദമായ രീതിയിൽ ചാർട്ടേഡ് ട്രിപ്പുകളും ഏർപ്പെടുത്തിയിട്ടുണ്ട്. മുൻവർഷങ്ങളിലേതുപോലെ 40 പേരിൽ കുറയാതെയുള്ള സംഘം ഒരുമിച്ച് സീറ്റ് ബുക്ക് ചെയ്യുന്ന പക്ഷം 10 കിലോമീറ്ററിനകത്തുള്ള ചുറ്റളവിൽ അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിന്നും പമ്പയിലേക്ക് സർവീസ് നടത്തുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിക്കഴിഞ്ഞു. ഇത്തരത്തിലുള്ള സൗകര്യത്തിനായി യാത്രാ നിരക്കിന് ഉപരിയായി 20 രൂപ അധികമായി ഈടാക്കും.

തിരുവനന്തപുരം- പമ്പ സ്പെഷ്യൽ സർവ്വീസിനും, കൊല്ലം -പമ്പ സ്പെഷ്യൽ സർവ്വീസിനും ഓൺലൈൻ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുടെ (online.keralartc.com) വെബ്സൈറ്റ് വഴിയും ,എന്റെ കെഎസ്ആർടിസി ( “Ente KSRTC) മൊബൈൽ  ആപ്പുവഴിയും ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. രാവിലെ 8.03 നും, രാത്രി 9.19 നും മാണ് ഈ തിരുവനന്തപുരത്ത് നിന്നുമുളള സർവ്വീസുകൾ. കൊല്ലത്തു നിന്നും രാവിലെ 7.40 നും സർവ്വീസ് നടത്തും. ഇത്തവണത്തെ മണ്ഡല മകരവിളക്ക് കാലഘട്ടത്തിൽ ഭക്തർക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെയുള്ള സർവ്വീസുകൾ നടത്താനുള്ള എല്ലാ വിധ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി കെഎസ്ആർടിസി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.