തിരുവനന്തപുരം: താൽക്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് കെഎസ്ആർടിസിയിൽ രൂക്ഷ പ്രതിസന്ധി. പലയിടത്തും സർവ്വീസുകൾ കൂട്ടത്തോടെ മുടങ്ങി. സംസ്ഥാനത്താകെ 20 ശതമാനത്തോളം സർവ്വീസുകൾ മുടങ്ങി. കോട്ടയത്തുനിന്ന് പമ്പയിലേക്കുളള 21 കെഎസ്ആർടിസി സർവ്വീസുകൾ മുടങ്ങി. തിരുവനന്തപുരത്ത് 50 സർവ്വീസുകളും കൊല്ലത്ത് 42 സർവ്വീസുകളും മുടങ്ങി.

ഇപ്പോഴത്തെ പ്രതിസന്ധി കെഎസ്ആർടിസിയുടെ നിലനിൽപ്പിനെ പോലും ബാധിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പ്രതികരിച്ചു. വിധി നടപ്പാക്കാൻ സാവകാശം തേടും. പിഎസ്‌സി വഴി നിയമനം നടത്താൻ സമയമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പ്രതിസന്ധി പരിഹരിക്കാൻ നടപടികൾ തുടങ്ങിയതായി എംഡി ടോമിൻ തച്ചങ്കരി പറഞ്ഞു. സ്ഥിരം ജീവനക്കാരുടെ ജോലി സമയം കൂട്ടും. അധിക ജോലിക്ക് അധിക വേതനം നൽകും. ലൈസൻസുള്ള മെക്കാനിക്കൽ ജീവനക്കാരെ കണ്ടക്ടർമാരാക്കും. അവധിക്കും നിയന്ത്രണം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടർന്നാണ് 3,861 താൽക്കാലിക കണ്ടക്ടർമാരെ കെഎസ്ആർടിസി പിരിച്ചുവിട്ടത്. പകരം പിഎസ്‌സി നിയമന ശുപാർശ നൽകിയ 4051 പേർക്കു നിയമന ഉത്തരവ് നൽകാനുളള നടപടികൾ തുടങ്ങിയിട്ടുണ്ട്. പിഎസ്‌സിയുടെ അഡ്വൈസ് മെമ്മോ കിട്ടിയിട്ടും നിയമനം ലഭിക്കുന്നില്ലെന്നു കാണിച്ചു പാലക്കാട് സ്വദേശി ഉൾപ്പെടെയുളളവർ നൽകിയ ഹർജിയിലായിരുന്നു താൽക്കാലിക കണ്ടക്ടർമാരെ പിരിച്ചു വിടണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.