തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള കുടിശിക ഓണത്തിന് മുൻപായി കൊടുത്തുതീർക്കും. തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
യോഗത്തിലെടുത്ത പ്രധാന തീരുമാനങ്ങൾ
- ജീവനക്കാർക്ക് കൊടുത്തുതീർക്കാനുള്ള നിലവിലെ ശമ്പള കുടിശിക ഓണത്തിന് മുൻപ് കൊടുത്തുതീർക്കും.
- എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മാനേജ്മെന്റിന് നിർദേശം നൽകി.
- ഇപ്പോൾ ജോലിയിൽ നിന്ന് മാറ്റി നിർത്തിയിട്ടുള്ള ദിവസ വേതനക്കാർക്ക് ജോലി നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കും.
- മെക്കാനിക്കൽ ജീവനക്കാർ, മിനിസ്റ്റീരിയൽ ജീവനക്കാർ തുടങ്ങിയവരെ പുനർ വിന്യസിക്കും. ഇത് പൂർത്തീകരിക്കുന്ന മുറക്ക് താത്കാലിക മെക്കാനിക്കൽ ജീവനക്കാരെ നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കും.
- കണ്ടക്ടർ, ഡ്രൈവർ എന്നിവർക്കുള്ള ബാറ്റ, ഇൻസെന്റീവ് തുടങ്ങിയവ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അതാത് ദിവസം നൽകും. ഇതിനായി എല്ലാ യൂണിറ്റുകളിലും അധികാരികളുടെ പേരിൽ അക്കൗണ്ട് ആരംഭിക്കും.
- സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കും. റൊട്ടേഷൻ വ്യവസ്ഥയിൽ സോണൽ അടിസ്ഥാനത്തിലാണ് ഡ്യൂട്ടി നിശ്ചയിക്കുക.
- കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കാനും നിർദ്ദേശങ്ങൾ സമർപ്പിക്കാനും ഉപദേശകസമിതി രൂപീകരിക്കും.
- സോണൽ ഓഫീസ് മേധാവിമാരായി കഴിവുറ്റ ഉദ്യോഗസ്ഥരെ നിയമിക്കും.
- മെക്കാനിക്കൽ വർക്ക്ഷോപ്പുകളിൽ പുതുക്കിയ വർക്ക് നോം ഘട്ടം ഘട്ടമായി നടപ്പിലാക്കും.
ജീവനക്കാരുടെ ജൂലൈ മാസത്തെ ശമ്പളത്തിന്‍റെ 75% വിതരണം ചെയ്തെന്ന് കെഎസ്ആർടിസി രാവിലെ അറിയിച്ചിരുന്നു. ഇന്ന് രാവിലെയോടെ ശമ്പളം നല്‍കിയത് 24,477 സ്ഥിരം ജീവനക്കാര്‍ക്കാണ്. 838 താല്‍കാലിക ജീവനക്കാര്‍ക്ക് നേരത്തെ തന്നെ ശമ്പളം വിതരണം ചെയ്തിരുന്നു.