Latest News

റിസര്‍വേഷന്‍ നിരക്ക് കുറച്ചു; യാത്രക്കാര്‍ക്ക് ആനുകൂല്യങ്ങളുമായി കെഎസ്ആര്‍ടിസി

നാലില്‍ കൂടുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒരു ടിക്കറ്റിന്റെ റിസർവേഷൻ നിരക്ക് മാത്രമേ ഈടാക്കൂ

KSRTC, Sabarimala
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: യാത്രക്കാർക്ക് ഓൺലൈൻ റിസർവേഷന് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കെഎസ്ആർടിസി. നിലവിലുള്ള റിസർവേഷൻ നിരക്ക് 30 രൂപയിൽ നിന്നും 10 രൂപയാക്കി കുറച്ചു. കൂടാതെ 72 മണിക്കൂര്‍ മുൻപ് വരെ ടിക്കറ്റ് റദ്ദാക്കുന്നതിന് ക്യാൻസലേഷൻ ചാർജ് ഈടാക്കില്ല.

72-48 മണിക്കൂറിനിടയില്‍ ക്യാൻസൽ ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 10 ശതമാനവും, 48-24 മണിക്കൂറിനിടയിലാണെങ്കില്‍ 25 ശതമാനവും, 24 -12 മണിക്കൂറിനിടയിലാണെങ്കില്‍ 40 ശതമാനവും, 12- രണ്ട് മണിക്കൂറിനിടയിലാണെങ്കില്‍ അടിസ്ഥാന നിരക്കിന്റെ 50 ശതമാനവും ക്യാന്‍സലേഷന്‍ ചാര്‍ജ് നല്‍കിയാല്‍ മതിയാകും.

കെഎസ്ആർടിസിയുടെ ഫ്രാഞ്ചസി/കൗണ്ടർ വഴി റിസർവ് ചെയ്യുന്ന ടിക്കറ്റുകൾ യാത്രക്കാർക്ക് യാത്രാ തീയതി ചില നിബന്ധനകൾക്ക് വിധേയമായി മുന്നോട്ടോ, പിന്നോട്ടോ മാറ്റി നൽകും. ലിങ്ക് ടിക്കറ്റ് സംവിധാനത്തിലൂടെ ദീർഘ ദൂര യാത്രക്കാരന് തന്റെ യാത്ര അപ്പോൾ നിലവിലുള്ള രണ്ട് ബസുകളിലായി ഷെഡ്യൂൽ ചെയ്യാനും സാധിക്കും.

നാലില്‍ കൂടുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒരു ടിക്കറ്റിന്റെ റിസർവേഷൻ നിരക്ക് മാത്രമേ ഈടാക്കൂ. കൂടാതെ മടക്ക യാത്ര ടിക്കറ്റ് ഉൾപ്പെടെ ഒരുമിച്ച് ബുക്ക് ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 10 ശതമാനം ഇളവും അനുവദിക്കും.

അന്തർസംസ്ഥാന സര്‍വീസില്‍ റിസർവ് ചെയ്ത യാത്രക്കാർക്ക് ബുക്ക് ചെയ്ത ഡെസ്റ്റിനേഷൻ പോയന്റിൽ എത്തിച്ചേരുന്നതിന് കെഎസ്ആർടിസിയുടെ ലഭ്യമായ എല്ലാ സര്‍വീസുകളിലും സൗജന്യ യാത്രയും അനുവദിക്കും. ഇതിന് വേണ്ടി യാത്രാരേഖയും ഐഡി കാർഡും കണ്ടക്ടറെ ബോധ്യപ്പെടുത്തണം. ബസ് പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ളില്‍ 30 കിലോ മീറ്റർ വരെയാണ് ഈ സൗജന്യം ലഭിക്കുകയുളളൂ.

Also Read: കിഴക്കമ്പലം സംഘര്‍ഷം: തൊഴിലാളികള്‍ക്ക് ആരോ ലഹരി നല്‍കി; സംഭവം യാദൃശ്ചികമെന്ന് കിറ്റക്സ് എംഡി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ksrtc reduces reservation and cancellation charges

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express