തിരുവനന്തപുരം: നഷ്ടക്കണക്കുകളില്‍ കൂപ്പുകുത്തിയിരുന്നു കെഎസ്ആര്‍ടിസിക്ക് ആശ്വാസമായി വരുമാന വര്‍ദ്ധന. വിഷു, ഈസ്റ്റര്‍ അവധി കഴിഞ്ഞ ഏപ്രില്‍ 17 തിങ്കളാഴ്ച്ചയാണ് കെഎസ്ആര്‍ടിസി റെക്കോര്‍ഡ് വരുമാനം കുറിച്ചത്. 7,33,77,970 രൂപയാണ് തിങ്കളാഴ്ച്ച മാത്രം കെഎസ്ആര്‍ടിസി നേടിയത്. കോര്‍പ്പറേഷന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ റെക്കോര്‍ഡാണ് ഇത്. ശരാശരി പ്രതിദിന വരുമാനത്തേക്കാൾ ഒന്നേമുക്കാൽ കോടി രൂപയുടെ അധിക കളക്ഷനാണ് തിങ്കളാഴ്ച കെ എസ് ആർ ടി സി നേടിയത്.

ആകെ 5388 ബസ്സുകളാണ് തിരക്ക് പരിഗണിച്ച് അധികൃതര്‍ നിരത്തിലിറക്കിയത്. കെഎസ്ആര്‍ടിസിയുടെ ശരാശരി പ്രതിദിന വരുമാനം 5.55 കോടിയായി തുടരുമ്പോഴാണ് ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്. ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച്ച തിരക്കു പരിഗണിച്ച് 5114 ബസ്സുകളാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയത്. ഇതില്‍ നിന്നുള്ള വരുമാനം 5,16,01,237 രൂപയായിരുന്നു. നീണ്ട അവധിക്ക് ശേഷമുള്ള ആദ്യ പ്രവര്‍ത്തിദിനത്തിലെ തിരക്ക് മുന്നില്‍ക്കണ്ട് വിപുലമായ സജ്ജീകരണങ്ങളാണ് കെഎസ്ആര്‍ടിസി അധികൃതര്‍ ഒരുക്കിയിരുന്നത്. സോണല്‍ ഓഫീസര്‍മാരും ഡിടിഒമാരും അടങ്ങുന്ന പ്രത്യേക സംഘമാണ് ഡിപ്പോതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ (ഓപ്പറേഷന്‍) അനില്‍കുമാര്‍ അറിയിച്ചു. കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കിയതും, ജീവനക്കാരുടെ അകമഴിഞ്ഞ പിന്തുണയും വരുമാന വര്‍ദ്ധനക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച്ച എറണാകുളം റെയില്‍വേസ്റ്റേഷനിലെ സിഗ്നല്‍ തകരാര്‍മൂലം ട്രെയിനുകള്‍ വൈകിയതും കെഎസ്ആര്‍ടിസിക്ക് വരുമാന വർധനവിന് വഴിയൊരുക്കി. ഇതോടെ യാത്ര മുടങ്ങിയവര്‍ക്ക് സഹായമായി ഏറണാകുളം, വെറ്റില എന്നിവടങ്ങളില്‍ നിന്നും വിവിധ നഗരങ്ങളിലേക്ക് അധിക സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നടത്തിയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ