തിരുവനന്തപുരം: കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാൻ ഏതുവിധേനയും യാത്രക്കാരെ ആകർഷിക്കാനൊരുങ്ങി കെഎസ്ആർടിസി. ഇനി മുതൽ യാത്രക്കാർ ആവശ്യപ്പെടുന്ന എവിടെയും ബസ് നിർത്തും. എവിടെ നിന്നു വേണമെങ്കിലും ബസിൽ കയറുകയും ചെയ്യാം.

അൺ ലിമിറ്റഡ് ഓർഡിനറി സർവീസ് എന്ന് ഇത് അറിയപ്പെടും. ആദ്യഘട്ടത്തിൽ തെക്കൻ ജില്ലകളിൽ മാത്രമായിരിക്കും ഇത് നടപ്പിലാക്കുക. ഓർഡിനറി ബസുകളുടെ റൂട്ട് നിശ്ചയിക്കേണ്ടത് യാത്രക്കാരുടെ കൂടെ അഭിപ്രായം പരിഗണിച്ചായിരിക്കണമെന്നും യാത്രക്കാരില്ലാത്ത ഷെഡ്യൂളുകൾ ഇനി ഓടിക്കാനാകില്ലെന്നും എംഡി ബിജുപ്രഭാകർ നിർദേശം നൽകി. ഓർഡിനറി കുറവുള്ള മലബാർ മേഖലയിൽ സ്റ്റോപ്പുകളിൽ മാത്രം നിർത്തുന്ന പഴയ രീതി തുടരാം.

Read More: ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിന് കേന്ദ്ര ജലകമ്മീഷന്റെ ജാഗ്രതാ നിര്‍ദ്ദേശം

ഇതു സംബന്ധിച്ച റിപ്പോർട്ട് യൂണിറ്റ് ഓഫീസർമാരും ഇൻസ്‌പെക്ടർമാരുമായും യാത്രക്കാരുമായി കൂടിയാലോചിച്ച് അൺലിമിറ്റഡ് ഓർഡിനറികൾ ഓടിക്കാനുള്ള റൂട്ട് കണ്ടെത്തി സെപ്റ്റംബർ 29-ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശത്തിലുണ്ട്.

അഞ്ചു മാസത്തിനുള്ളിൽ എല്ലാ ബസുകളിലും ജിപിഎസ് ഘടിപ്പിക്കാനും ക്യാഷ് ലെസ് ടിക്കറ്റ് മെഷീനുകൾ ഏർപ്പെടുത്താനും തീരുമാനിച്ചു. ബസുകളിൽ ജിപിഎസ് ഘടിപ്പിക്കുന്നതോടെ സർവീസുകളുടെ വിവരങ്ങൾ, ബസിന്റെ തൽസമയ ലൊക്കേഷൻ, സീറ്റ് ലഭ്യത എന്നിവ യാത്രക്കാർക്ക് മൊബൈൽ ആപ്പിൽ ലഭ്യമാകും.

ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ സ്വെെപ് ചെയ്യാൻ കഴിയുന്ന ടിക്കറ്റ് മെഷീനുകളും ബസുകളിൽ ഏർപ്പെടുത്തും. ഇതിനായി 17 കോടി രൂപ സർക്കാർ അനുവദിച്ചു.

ഒരാഴ്ച മുൻപാണ് കെഎസ്ആർടിസി ദീർഘദൂര ബസ് സർവീസുകൾ ആരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങളോടെയാണ് സർവീസ് നടത്താൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. രാവിലെ ആറ് മുതൽ രാത്രി 10 വരെയാണ് സർവീസുകൾ.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ദീർഘദൂര സർവീസുകൾ ഓണാവധികൾ കണക്കിലെടുത്താണ് പുനഃരാരംഭിച്ചത്. സെപ്റ്റംബർ രണ്ടുവരെയായിരുന്നു പൊതുഗതാഗതത്തിന് അനുമതി നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.