തിരുവനന്തപുരം: ബിജുപ്രഭാകർ ഐഎഎസിനെ പുതിയ കെഎസ്ആർടിസി എംഡിയായി നിയമിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. രാജമാണിക്യത്തിന് ശേഷം കെഎസ്ആർടിസിയുടെ തലപ്പത്തെത്തുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ബിജു പ്രഭാകർ.

നിലവില്‍ എംഡിയായിരുന്ന ഐജി ദിനേശ്‌ രാജിവച്ച ഒഴിവിലാണ്, സാമൂഹ്യ ക്ഷേമ വകുപ്പിന്റെ സെക്രട്ടറി കൂടിയായ ബിജു പ്രഭാകറിന് ചുമതല നല്‍കിയത്. ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ കെഎസ്ആർടിസി ചെയർമാനായും നിയമിച്ചു.

Read More: നിതിന്റെ മൃതദേഹം വീട്ടിലെത്തിച്ചു, വിട നൽകാനൊരുങ്ങി ജന്മനാട്

തിരുവനന്തപുരം-കാസർഗോഡ് സെമി ഹൈസ്പീഡ് റെയില്‍ കോറിഡോറിന്റെ പുതിയ അലൈന്‍മെന്റിന് മന്ത്രിസഭ അംഗീകാരം നല്‍കി. കൊയിലാണ്ടി മുതല്‍ ധര്‍മ്മടം വരെയുള്ള അലൈന്‍മെന്റിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുതുച്ചേരി സര്‍ക്കാരില്‍ നിന്നുള്ള എതിര്‍പ്പുകളെ തുടര്‍ന്നാണ് മാറ്റമെന്ന് സൂചന.

കോവിഡ് വ്യാപനം സംബന്ധിച്ചുള്ള നടപടികളും മന്ത്രിസഭാ യോഗം വിലയിരുത്തി. സമൂഹ വ്യാപനത്തിലേക്ക് പോകുന്നത് തടയാന്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രിസഭാ യോഗം വിലിയിരുത്തി.

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പുതുതായി ഇനി ഇളവുകള്‍ നല്‍കേണ്ടതില്ല. നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടതില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ശക്തമായ പരിശോധനകള്‍ നടത്താനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

സംസ്ഥാനത്ത് ഇന്നലെ മാത്രം 91 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ 11 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ 10 പേര്‍ക്കും കോട്ടയം ജില്ലയില്‍ 8 പേര്‍ക്കും പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ 5 പേര്‍ക്ക് വീതവും എറണാകുളം ജില്ലയില്‍ 4 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 158 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.