scorecardresearch
Latest News

ജനങ്ങളെ വലച്ച് കെഎസ്ആർടിസി മെക്കാനിക്കൽ ജീവനക്കാരുടെ സമരം; സർവീസുകൾ പലതും മുടങ്ങി

സമരം മൂലം ജനജീവിതം താറുമാറായി. കേരളത്തിൽ പലയിടത്തും സർവീസുകൾ മുടങ്ങി

ജനങ്ങളെ വലച്ച് കെഎസ്ആർടിസി മെക്കാനിക്കൽ ജീവനക്കാരുടെ സമരം; സർവീസുകൾ പലതും മുടങ്ങി

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ മെക്കാനിക്കൽ ജീവനക്കാരുടെ സമരം രണ്ടാം ദിവസത്തിലേക്ക്. സമരം മൂലം ജനജീവിതം താറുമാറായി. കേരളത്തിൽ പലയിടത്തും സർവീസുകൾ മുടങ്ങി. ദീർഘദൂര സർവീസുകളും മുടങ്ങി. നഗരപ്രദേശങ്ങളെക്കാൾ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളെയാണ് സമരം കൂടുതൽ ബാധിച്ചത്. തെക്കന്‍ ജില്ലകളില്‍ കെഎസ്ആർടിസി സർവീസുകള്‍ പൂര്‍ണമായും സ്തംഭിച്ചു. പത്തനംതിട്ടയില്‍ ഒരു ബസ് പോലും സര്‍വീസ് നടത്തിയില്ല. മലബാര്‍ മേഖലയിലും കെഎസ്ആർടിസി സര്‍വീസുകള്‍ ഭാഗികമാണ്. സമരം ഒത്തുതീർപ്പാക്കാൻ ഗതാഗതമന്ത്രി തോമസ് ചാണ്ടി അംഗീകൃത തൊഴിലാളി യൂണിയനുകളുമായി ചർച്ച തുടങ്ങി.

സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ഇന്നലെ മുതൽ ജീവനക്കാർ സമരം തുടങ്ങിയത്. രാത്രിസമയം കൂടുതൽ ജീവനക്കാരെ ഉറപ്പുവരുത്തുന്നതിനും ഡബിൾ ഡ്യൂട്ടിയുടെ പേരിൽ നടക്കുന്ന തട്ടിപ്പ് അവസാനിപ്പിക്കുന്നതിനും വേണ്ടിയാണ് മാനേജ്മെന്റ് സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തിയത്. രാത്രിയിലാണ് ബസുകളുടെ അറ്റകുറ്റപ്പണി കൂടുതലും നടക്കുന്നത്. അതിനാൽ പകൽ രണ്ടു സിംഗിൾ ഡ്യൂട്ടിയിൽ വരുന്നവർക്കും കാര്യമായ ജോലിയില്ല. എന്നാൽ രാത്രിയിൽ ആവശ്യത്തിന് ജോലിക്കാരുമില്ല. ഇതൊഴിവാക്കാനാണ് മാനേജ്മെന്റ് സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തി ഉത്തരവിറക്കിയത്.

ഈ നിർദ്ദേശം അംഗീകരിക്കില്ലെന്നാണ് മെക്കാനിക്കൽ ജീവനക്കാരുടെ നിലപാട്. എന്നാൽ ജീവനക്കാർ എതിർത്താലും പുതിയ ഉത്തരവുമായി ഡ്യൂട്ടി മുന്നോട്ടുപോകുമെന്നാണ് മാനേജ്മെന്റ് വ്യക്തമാക്കിയത്. ഇതിനുപിന്നാലെയാണ് ജീവനക്കാർ പണിമുടക്ക് തുടങ്ങിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ksrtc mechanical workers strike affected people life