/indian-express-malayalam/media/media_files/uploads/2018/12/Tomin-thachankary.jpg)
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ കണ്ടക്ടർ തസ്തകയിൽ പിഎസ്‌സി റാങ്ക് പട്ടികയിൽനിന്നും നിയമിക്കുന്നവർക്ക് സ്ഥിര നിയമനം കിട്ടുമെന്ന് ഉറപ്പില്ലെന്ന് എംഡി ടോമിൻ തച്ചങ്കരി. സാമ്പത്തിക പ്രതിസന്ധി കാരണം പിഎസ്‌സി നിർദേശിക്കുന്ന ശമ്പളം ഇവർക്ക് നൽകാനാവില്ല. താൽക്കാലിക ജീവനക്കാരുടെ ശമ്പളം മാത്രമേ ഇവർക്ക് നൽകാനാവൂ. ദിവസ വേതനത്തിലാകും ഒരു വർഷത്തെ നിയമനം. ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തിയശേഷമായിരിക്കും സ്ഥിരം നിയമനമെന്നും തച്ചങ്കരി പറഞ്ഞു.
സർവ്വീസുകൾ റദ്ദാക്കിയത് വരുമാനത്തെ ബാധിച്ചിട്ടില്ലെന്നാണ് തച്ചങ്കരി വ്യക്തമാക്കിയത്. ദീർഘ അവധിയിലായിരുന്ന കണ്ടക്ടർമാരെ തിരികെ വിളിച്ചതും യാത്രക്കാർ കുറവുളള റൂട്ടുകളിലെ സർവ്വീസുകൾ വെട്ടിച്ചുരുക്കിയതും നിലവിലെ പ്രതിസന്ധി തരണം ചെയ്യാൻ സഹായിച്ചുവെന്ന് തച്ചങ്കരി പറഞ്ഞു.
അതേസമയം, തച്ചങ്കരിയുടെ പ്രസ്താവനയെ തിരുത്തി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ രംഗത്തെത്തി. എല്ലാ ആനുകൂല്യവും പുതുതായി നിയമിക്കുന്നവർക്ക് നൽകുമെന്നും എംഡിയുടെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാകാമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, താൽക്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് ഉടലെടുത്ത പ്രതിസന്ധി കെഎസ്ആർടിസിയിൽ തുടരുകയാണ്. പലയിടങ്ങളിലും ഇന്നും സർവ്വീസുകൾ റദ്ദാക്കി. തിരവനന്തപുരത്ത് 100 ലധികം സർവ്വീസുകൾ റദ്ദാക്കി. കെഎസ്ആർടിസി കണ്ടക്ടർ തസ്തികയിലേക്ക് പിഎസ്‌സി നിയമന ശുപാർശ നൽകിയ 4051 പേരെ നാളെ നിയമിക്കും. ഇതോടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് നിഗമനം.
ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടർന്നാണ് 3,861 താൽക്കാലിക കണ്ടക്ടർമാരെ കെഎസ്ആർടിസി പിരിച്ചുവിട്ടത്. പിഎസ്‌സിയുടെ അഡ്വൈസ് മെമ്മോ കിട്ടിയിട്ടും നിയമനം ലഭിക്കുന്നില്ലെന്നു കാണിച്ചു പാലക്കാട് സ്വദേശി ഉൾപ്പെടെയുളളവർ നൽകിയ ഹർജിയിലായിരുന്നു താൽക്കാലിക കണ്ടക്ടർമാരെ പിരിച്ചു വിടണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.