തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന പ്രസ്താവന വിവാദമായതോടെ സംഭവത്തിൽ വിശദീകരണവുമായി എംഡി ബിജു പ്രഭാകർ. ഒരുവിഭാഗം ജീവനക്കാര്‍ മാത്രം കുഴപ്പക്കാരാണെന്നാണ് താന്‍ പറഞ്ഞത്. കെഎസ്ആര്‍ടിസിയിലെ 95 ശതമാനം ജീവനക്കാരും നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രശ്നമുണ്ടാക്കുന്നത് വെറും 5 ശതമാനം ജീവനക്കാര്‍ മാത്രമാണ്. ഇവര്‍ക്ക് ഒരു യൂണിയന്റെയും പിന്തുണയില്ലെന്നും എംഡി.
എംഡിയുടെ പ്രസ്താവനയ്ക്കെതിരെ തൊഴിലാളി സംഘടനകൾ രംഗത്തെത്തിയിരുന്നു. തൊഴിലാളികളെ പൊതുസമൂഹത്തിന് മുന്നിൽ അപഹസിക്കാനാണ് എംഡിയുടെ ശ്രമമെന്ന് സിഐടിയു തിരിച്ചടിച്ചു. എംഡിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ജീവനക്കാർ തിരുവനന്തപുരം കെഎസ്ആർടിസി ഓഫീസിലേക്ക് മാർച്ച് നടത്തി. ഐഎൻടിയുസിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
എംഡി തന്റെ പ്രസ്താവന തിരുത്തണമെന്നും തിരുത്തിയില്ലെങ്കിൽ എന്ത് വേണമെന്ന് അപ്പോൾ തീരുമാനിക്കുമെന്നും സിഐടിയു അംഗീകൃത കെഎസ്ആർടിഇഎ ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ പറഞ്ഞു. എംഡിയുടേത് അനുചിതമായ പ്രസ്താവനയാണെന്ന് എളമരം കരീമും പറഞ്ഞു. എംഡി സ്വന്തം കഴിവുകേട് തൊഴിലാളിക്കു മേൽ കെട്ടി വയ്ക്കുകയാണ്. സ്വിഫ്റ്റ് പദ്ധതിയിൽ ചർച്ച നടത്തണം. ക്രമക്കേടുണ്ടെങ്കിൽ കണ്ടെത്തേണ്ടത് മാനേജുമെന്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2012-15 കാലയളവിൽ കെഎസ്ആര്ടിയില്നിന്ന് 100 കോടിയോളം രൂപ കാണാതായെന്ന് രാവിലെ നടന്ന വാർത്ത സമ്മേളനത്തിൽ എംഡി പറഞ്ഞിരുന്നു. അന്ന് അക്കൗണ്ട്സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ ഇതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്നും എംഡി പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാർക്കെതിരെയും എംഡി ബിജു പ്രഭാകർ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.
ജീവനക്കാർ പല വിധത്തിൽ തട്ടിപ്പ് നടത്തി കെഎസ്ആർടിസിയെ നഷട്ത്തിലാക്കുന്നു. ജീവനക്കാര്‍ മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നു. കെഎസ്ആർടിസി വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ഇത് എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ച് ഒരു പഠനം നടത്തി. ഇതിലാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുളള വലിയ വീഴ്ച കണ്ടെത്തിയത്. ജീവനക്കാരിൽ ചിലർ പഴയ ടിക്കറ്റ് നൽകി വെട്ടിപ്പ് നടത്തുന്നുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസി ജീവനക്കാരിൽ ആരെയും പിരിച്ചുവിടില്ല. പക്ഷേ ആളുകളെ കുറയ്ക്കേണ്ടി വരും. ഇത് ഘട്ടം ഘട്ടമായി നടപ്പാക്കും. നിലവിൽ 7000 ൽ അധികം ജീവനക്കാരുണ്ട്. ഘട്ടംഘട്ടമായി മൂന്നോ നാലോ വര്‍ഷംകൊണ്ട് ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യം.
വലിയ ശമ്പളം വാങ്ങിക്കുന്ന സ്ഥിരം ജീവനക്കാരിൽ ചിലർ മറ്റു പല ജോലികളിൽ ഏർപ്പെടുന്നുണ്ട്. പല ഡിപ്പോകളിലും എംപാനല്‍ ജീവനക്കാരാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ദീര്‍ഘദൂര സ്വകാര്യ ബസുകളെ സഹായിക്കുന്നതിനായി ഒരുവിഭാഗം ജീവനക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.