തിരുവനന്തപുരം: ഒരു വിഭാഗം മെക്കാനിക്കൽ ജീവനക്കാർ പണിമുടക്ക് തുടരുന്നതിനിടെ സമരക്കാരെ പിരിച്ചുവിടാൻ ഡയസ് നോൺ ഉയർത്തിക്കാട്ടി കെഎസ്ആർടിസി മാനേജ്മെന്റ്. ഇന്ന് ജോലിക്കെത്താത്ത സമരക്കാരുടെ പട്ടിക തയ്യാറാക്കാനും ഇവർക്കെതിരെ നടപടിയെടുക്കാനുമാണ് തീരുമാനം.

ഇന്നലെ ഗതാഗത മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ കെഎസ്ആർടിസി എംഡിയുമായി സിഐടിയു, ഐഎൻടിയുസി നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്ന് സമരം പിൻവലിച്ചിരുന്നു. എന്നാൽ ഇത് ബിഎംഎസും മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരും അംഗീകരിച്ചിരുന്നില്ല.

ഇപ്പോൾ തന്നെ കോർപ്പറേനിൽ ആവശ്യത്തിലധികം മെക്കാനിക്കൽ വിഭാഗം ജീവനക്കാരുണ്ടെന്നാണ് മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ. ഈ സാഹചര്യത്തിൽ സമരം ചെയ്യുന്നവരെ പിരിച്ചുവിടാൻ സാധിച്ചാൽ എണ്ണം കുറയ്ക്കാൻ മാനേജ്മെന്റിനാവും. ഇതിനായി ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് മാനേജ്മെന്റ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇന്നലെ നടന്ന ചർച്ചയിൽ ധാരണയായ ശേഷം മന്ത്രി നടത്തിയ പത്രസമ്മേളനത്തിലാണ് സമരം പിൻവലിച്ചതായി അറിയിച്ചത്. ഇതിന് പിന്നാലെ തന്നെ അവശ്യ സേവന പരിപാലന നിയമം പ്രകാരം, ഇനി സമരം ചെയ്യുന്ന സ്ഥിരം ജീവനക്കാർ ഉൾപ്പടെ എല്ലാവരെയും പിരിച്ചുവിടുമെന്ന് എംഡി മുന്നറിയിപ്പ് നൽകി.

ജോലിക്കെത്തുന്നവർക്ക് സംരക്ഷണം നൽകുന്നതിന് പുറമേ സസ്വകാര്യ കമ്പനികളുടെ സേവനവും കെഎസ്ആർടിസി തേടിയിട്ടുണ്ട്. വാഹന നിർമ്മാണ കമ്പനികളായ ടാറ്റയും ലെയ്‌ലാന്റും സംസ്ഥാനത്ത് ഏത് ഡിപ്പോയിലും മെക്കാനിക്കൽ വിഭാഗത്തിൽ ആളുകളെ താത്കാലികമായി നൽകാമെന്ന് കോർപ്പറേഷനുമായി ധാരണയിലെത്തിയിട്ടുണ്ട്.

പ്രതിസന്ധി മുൻനിർത്തി കടുത്ത നിലപാടുകളിലേക്ക് പോകണമെന്ന ആവശ്യമാണ് എംഡി എംജി രാജമാണിക്യം എടുക്കുന്നത്. ഇതിന് സർക്കാർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ