തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട എംപാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും. ഇന്ന് എംപാനൽ കൂട്ടായ്മ സെക്രട്ടേറിയേറ്റിന് മുന്നിൽ ശയന പ്രദക്ഷിണം നടത്തും. തൊഴിലാളി യൂണിയനുകളും സർക്കാരും വഞ്ചിച്ചെന്നാണ് തൊഴിലാളികളുടെ ആരോപണം. ഏകദേശം 3,861 കണ്ടക്ടർമാർക്കാണ് ജോലി നഷ്ടപ്പെട്ടത്. 3000ത്തിലേറെ പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് സമരക്കാർ അറിയിച്ചിരിക്കുന്നത്.

ലോങ് മാർച്ചുൾപ്പെടെ നടത്തിയിട്ടും സർക്കാരും തൊഴിലാളി യൂണിയനുകളും ഒറ്റപ്പെടുത്തിയെന്ന് ആരോപിച്ചാണ് അടുത്ത ഘട്ട സമരം തുടങ്ങുന്നത്. കെഎസ്ആർടിസിയിലെ യൂണിയനുകൾ ആത്മാർത്ഥമായ സമീപനമല്ല സ്വീകരിക്കുന്നത്. പലരും ഇനിയൊരു സർക്കാർ ജോലി കിട്ടാനുളള പ്രായപരിധിക്ക് പുറത്തുളളവരാണ്. ഈ സാഹചര്യത്തിൽ പിരിച്ചുവിടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരമോ പുനരധിവാസമോ നൽകണമെന്നും കൂട്ടായ്മ ആവശ്യപ്പെടുന്നു. നേരത്തെ, പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്ന് ആരോപിച്ച് സുപ്രീം കോടതിയിൽ എംപാലനലുകാർ ഹർജി നൽകിയിട്ടുണ്ട്.

എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ട ശേഷം 1421 പേർ ജോലിയിൽ പ്രവേശിച്ചുവെന്നും 71 പേർ സമയം ചോദിച്ചുവെന്നും കെഎസ്ആർടിസി കോടതിയെ അറിയിച്ചിരുന്നു. 3941 പേർക്ക് നിയമന ഉത്തരവ് നൽകിയിട്ടുണ്ട്. നിലവിൽ അവധിയിൽ ഉള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ്. അതിനു ശേഷം മാത്രമെ സ്ഥിരം ഒഴിവുകൾ കണക്കാക്കാനാകൂവെന്നുമാണ് കെഎസ്ആർടിസി വിശദീകരണം നൽകിയിട്ടുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.