കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.
അഞ്ച് വര്‍ഷം ജോലി ചെയ്ത കണ്ടക്ടര്‍ ലൈസന്‍സുള്ളവര്‍ക്ക് ലീവ് വേക്കന്‍സിയില്‍ ജോലി നല്‍കാമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.

കെ.എസ്.ആര്.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ അമ്പതിലേറെ ദിവസങ്ങളായി താല്‍ക്കാലിക ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്പില് സമരം നടത്തുകയായിരുന്നു.
പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക, അല്ലെങ്കില്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എംപാനല്‍ ജീവനക്കാര്‍ സമരം നടത്തിയിരുന്നത്.
സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന സമരം ഒത്തുതീർപ്പായതിനെ തുടർന്ന് കെഎസ്ആർടിസി എംപാനൽ ജീവനക്കാരുടെ ആഹ്ലാദം
വീഡിയോ- നിധിൻ എ എസ് pic.twitter.com/iqnOUfoZov
— IE Malayalam (@IeMalayalam) March 8, 2019
രണ്ട് തവണകളിലായി എംപാനല്‍ കണ്ടക്ടര്‍മാര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയെങ്കിലും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ നേതൃത്വത്തില്‍ എംപാനല്‍ കണ്ടക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഈ ചര്‍ച്ചയും പരാജയപ്പെടുകയായിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് എംപാനല്‍ കണ്ടക്ടര്‍മാര്‍ക്ക് ജോലി നഷ്ടപ്പെട്ടത്.