കൊച്ചി: കെഎസ്ആർടിസിക്ക് കീഴിലെ കേരള അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെയുആർടിസി) ബസുകൾ ഇനി കേരളം മുഴുവൻ സർവ്വീസ് നടത്തും. ചിൽ ബസ് എന്ന പേരിൽ കണക്ട് കേരള എന്ന മുദ്രാവാക്യവുമായാണ് ലോ ഫ്ലോർ സർവ്വീസുകൾ ദീർഘദൂര സർവ്വീസുകൾ നടത്തുന്നത്.

തിരുവനന്തപുരം-എറണാകുളം-കോഴിക്കോട്-കാസർകോട് നഗരങ്ങളെ ബന്ധിപ്പിച്ചാണ് കെയുആർടിസിയുടെ 219 ബസുകൾ സർവ്വീസ് നടത്തുക. ഓണത്തിരക്ക് മുന്നിൽ കണ്ട് ഓഗസ്റ്റ് ഒന്നു മുതൽ ബസുകൾ സർവ്വീസ് ആരംഭിക്കും.

വിവിധ സോണുകളായി തിരിച്ചാണ് സർവ്വീസ് നടത്തുക. തിരുവനന്തപുരം-എറണാകുളം റൂട്ടിൽ കോട്ടയം വഴിയും ആലപ്പുഴ വഴിയും ബസുകൾ സർവ്വീസ് നടത്തും. അടുത്തത് എറണാകുളം – കോഴിക്കോട് റൂട്ടിലാണ്. എറണാകുളം – മൂന്നാർ റൂട്ടിലും, എറണാകുളം – കാസർകോട് റൂട്ടിലും. എന്നാൽ കോഴിക്കോട് – കാസർകോട് റൂട്ടിൽ രാത്രി കാലങ്ങളിൽ ലോ ഫ്ലോർ സർവ്വീസ് നടത്തില്ല.

സംസ്ഥാനത്താകെ കെയുആർടിസിയുടെ പാതിയോളം ബസുകൾ വെറുതെ കിടക്കുകയായിരുന്നുവെന്ന് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ ടോമിൻ ജെ.തച്ചങ്കരി ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. “ഈ ബസുകൾ എങ്ങിനെ ഉപയോഗിക്കാമെന്നാണ് ചിന്തിച്ചത്. 219 ബസുകളുണ്ട്. ഇവയെല്ലാം സർവ്വീസ് നടത്തില്ല. ഓരോ ഡിപ്പോയിലും കുറച്ച് ബസുകൾ വീതം റിസർവിൽ വയ്ക്കും. ജീവനക്കാരെ അധികമായി എടുക്കില്ല. ഉളളവരെ വച്ച് തന്നെ സർവ്വീസ് നടത്തും,” അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസിയുടെ ഇന്നുളള 5000ത്തിൽ പരം വരുന്ന സർവ്വീസുകളും നഷ്ടത്തിലാണെന്ന് ടോമിൻ തച്ചങ്കരി പറഞ്ഞു. ഇപ്പോഴത്തെ നിലയിൽ നഷ്ടം കുറയ്ക്കാനാണ് ശ്രമമെന്നും അദ്ദേഹം വിശദീകരിച്ചു.

സർവ്വീസുകളുടെ ടിക്കറ്റ് നിരക്ക്, വിശദമായ സമയക്രമം എന്നിവ ഇതുവരെ നിശ്ചയിച്ചിട്ടില്ല. ലഭ്യമായ വിവരങ്ങൾ പ്രകാരം ആകെ 20 റൂട്ടുകളിലാണ് എസി ലോ ഫ്ലോർ ബസുകൾ സർവ്വീസ് നടത്തുന്നത്. അതിൽ ഏറ്റവും അധികം സർവ്വീസുകൾ കെയുആർടിസിയുടെ ആസ്ഥാനമായ എറണാകുളത്ത് നിന്നായിരിക്കും.

 

സർവ്വീസുകൾ ഇങ്ങിനെ

1. തിരുവനന്തപുരം – എറണാകുളം (ആലപ്പുഴ വഴി)
രാവിലെ 5 മണി മുതൽ രാത്രി 10 മണി വരെ ഓരോ മണിക്കൂർ ഇടവിട്ട്. രാത്രി പത്ത് മണിക്കും അഞ്ച് മണിക്കും ഇടയിൽ രണ്ട് മണിക്കൂർ ഇടവിട്ട്.

2. തിരുവനന്തപുരം – എറണാകുളം (കോട്ടയം വഴി)
രാവിലെ 5.30 മണി മുതൽ രാത്രി 10.30 മണി വരെ ഓരോ മണിക്കൂർ ഇടവിട്ട്. രാത്രി 10.30 ന് ശേഷം രണ്ട് മണിക്കൂർ ഇടവിട്ട്.

3. എറണാകുളം – തിരുവനന്തപുരം
കോട്ടയം, ആലപ്പുഴ റൂട്ടുകളിൽ ഓരോ മണിക്കൂർ ഇടവിട്ട് രാത്രിയും പകലും ബസ് സർവ്വീസ് നടത്തും.

4. എറണാകുളം – കോഴിക്കോട്
രാവിലെ 5 മണി മുതൽ രാത്രി 10 മണി വരെ ഓരോ മണിക്കൂർ ഇടവിട്ട്. രാത്രി പത്ത് മണിക്കും അഞ്ച് മണിക്കും ഇടയിൽ രണ്ട് മണിക്കൂർ ഇടവിട്ട്.

5. കോഴിക്കോട് – എറണാകുളം
രാവിലെ 5 മണി മുതൽ രാത്രി 10 മണി വരെ ഓരോ മണിക്കൂർ ഇടവിട്ട്. രാത്രി പത്ത് മണിക്കും അഞ്ച് മണിക്കും ഇടയിൽ രണ്ട് മണിക്കൂർ ഇടവിട്ട്.

6. കോഴിക്കോട് – കാസർഗോഡ്
രാവിലെ 5 മണി മുതൽ രാത്രി 10 മണി വരെ രണ്ട് മണിക്കൂർ ഇടവിട്ട്.

7. എറണാകുളം – മൂന്നാർ
രാവിലെയും വൈകുന്നേരവും രണ്ട് സർവ്വീസുകൾ വീതം (സമയം നിശ്ചയിച്ചിട്ടില്ല)

8. മൂന്നാർ – എറണാകുളം
രാവിലെയും വൈകുന്നേരവും രണ്ട് സർവ്വീസുകൾ വീതം (സമയം നിശ്ചയിച്ചിട്ടില്ല)

9. എറണാകുളം – കുമളി
രാവിലെ അഞ്ച് മുതൽ മൂന്ന് മണിക്കൂർ ഇടവേളയിൽ

10. കുമളി – എറണാകുളം
രാവിലെ അഞ്ച് മുതൽ മൂന്ന് മണിക്കൂർ ഇടവേളയിൽ

11. എറണാകുളം – തൊടുപുഴ
രാവിലെ ആറ് മുതൽ രണ്ട് മണിക്കൂർ ഇടവിട്ട്

12. തൊടുപുഴ – എറണാകുളം
രാവിലെ 5 മുതൽ രണ്ട് മണിക്കൂർ ഇടവിട്ട്

13. തിരുവനന്തപുരം – പത്തനംതിട്ട
രാവിലെയും വൈകുന്നേരവും രണ്ട് ബസുകൾ വീതം

14. പത്തനംതിട്ട – തിരുവനന്തപുരം
രാവിലെയും വൈകുന്നേരവും രണ്ട് ബസുകൾ വീതം

15. എറണാകുളം – ഗുരുവായൂർ
രാവിലെയും വൈകുന്നേരവും രണ്ട് ബസുകൾ വീതം

16. ഗുരുവായൂർ – എറണാകുളം
രാവിലെയും വൈകുന്നേരവും രണ്ട് ബസുകൾ വീതം

17. കോഴിക്കോട് – പാലക്കാട്
രാവിലെ അഞ്ച് മണി മുതൽ രണ്ട് മണിക്കൂർ ഇടവിട്ട്

18. പാലക്കാട് – കോഴിക്കോട്
രാവിലെ അഞ്ച് മണി മുതൽ രണ്ട് മണിക്കൂർ ഇടവിട്ട്

19. എറണാകുളം – പാലക്കാട്
രാവിലെ അഞ്ച് മണി മുതൽ രണ്ട് മണിക്കൂർ ഇടവിട്ട്

20. പാലക്കാട് – എറണാകുളം
രാവിലെ അഞ്ച് മണി മുതൽ രണ്ട് മണിക്കൂർ ഇടവിട്ട്

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ