/indian-express-malayalam/media/media_files/uploads/2017/02/ksrtc-1.jpg)
കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ റദ്ദാക്കിയ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ പുനഃരാരംഭിക്കുന്നു. സംസ്ഥാനത്തിനകത്ത് ദീർഘദൂര സർവീസുകൾ പുനഃരാരംഭിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസ് നടത്തുക.
ട്രോളിങ് നിരോധനം അവസാനിക്കുന്നു
കേരള തീരത്ത് ട്രോളിങ് നിരോധനം അവസാനിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് അഞ്ചുമുതല്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കും. എല്ലാ ബോട്ടുകളും രജിസ്ട്രേഷന്‍ നമ്പരിന്‍റെ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാവുന്നതാണ്. കണ്ടെയിന്‍മെന്‍റ് സോണിലും മത്സ്യബന്ധനം നടത്താവുന്നതാണ്. എന്നാല്‍, അങ്ങനെ ലഭ്യമാകുന്ന മത്സ്യം അതാത് സോണില്‍ വിറ്റുതീര്‍ക്കണം. കണ്ടെയിന്‍മെന്‍റ് സോണില്‍നിന്ന് മത്സ്യവില്‍പനയ്ക്കായി പുറത്തേക്ക് പോകാന്‍ പാടില്ല. അധികമുള്ള മത്സ്യം സഹകരണ സംഘങ്ങള്‍ മുഖേന മാര്‍ക്കറ്റില്‍ എത്തിക്കും.
മത്സ്യബന്ധനത്തിനു പുറപ്പെടുന്ന സ്ഥലത്തുതന്നെ നിര്‍ബന്ധമായും തിരിച്ചെത്തണം. മത്സ്യലേലം പൂര്‍ണമായും ഒഴിവാക്കണം. ഹാര്‍ബറുകളില്‍ ഹാര്‍ബര്‍ മാനേജ്മെന്‍റ് സൊസൈറ്റികളും ലാന്‍ഡിങ് സെന്‍ററുകളില്‍ മത്സ്യത്തൊഴിലാളി പ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി പ്രാദേശികമായി രൂപീകരിക്കുന്ന ജനകീയ കമ്മിറ്റികളായിരിക്കും മത്സ്യത്തിന്‍റെ വില നിശ്ചയിക്കുന്നതും മത്സ്യബന്ധന പ്രവര്‍ത്തനങ്ങളും വിപണനവും നിയന്ത്രിക്കുന്നതും.
അൺലോക്ക് 3.0
കഴിഞ്ഞ ദിവസം രോഗ വ്യാപനം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ലോക്ക്ഡൗണില്‍ മൂന്നാം ഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് അഞ്ച് മുതല്‍ രാത്രി കര്‍ഫ്യൂ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍, യോഗാ കേന്ദ്രങ്ങളും ജിംനേഷ്യങ്ങളും തുറക്കാന്‍ അനുമതി നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശമനുസരിച്ച് രാത്രിയില്‍ ജനങ്ങള്‍ക്ക് യാത്ര ചെയ്യാം. അതേസമയം സ്‌കൂളുകള്‍ ഓഗസ്റ്റ് 31 വരെ അടഞ്ഞു കിടക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.