കോഴിക്കോട്: സംസ്ഥാനത്ത് നാളെ മുതല്‍ ദീര്‍ഘദൂര കെഎസ്ആർടിസി ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന തീരുമാനം സർക്കാർ തിരുത്തി. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കെഎസ്‌ആർടിസി ദീർഘദൂര സർവീസുകൾ ഉടൻ പുനഃരാരംഭിക്കേണ്ടെന്ന് ആരോഗ്യവകുപ്പ് അഭിപ്രായപ്പെട്ടു.

ദീർഘദൂര സർവീസുകൾ ആരംഭിക്കുന്നതിനെതിരെ ആരോഗ്യവകുപ്പ് രംഗത്തെത്തി. ആരോഗ്യമന്ത്രി കെ.കെ.ശെെലജ ഇക്കാര്യം ഗതാഗതമന്ത്രിയെ അറിയിക്കുകയായിരുന്നു. കൂടുതൽ പരിശോധനകൾക്ക് ശേഷം സർവീസുകൾ പുനഃരാരംഭിച്ചാൽ മതിയെന്ന ആരോഗ്യവകുപ്പിന്റെ നിർദേശം ഗതാഗതമന്ത്രി മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്‌തു.

സംസ്ഥാനത്ത് കണ്ടെയ്‌ൻമെന്റ് സോണുകൾ വർധിക്കുന്ന സാഹചര്യത്തിൽ ദീർഘദൂര പൊതുഗതാഗതം കൂടുതൽ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. അന്യ സംസ്ഥാനങ്ങളിലേക്കുള്ള സർവീസും ഇപ്പോൾ ഉണ്ടാകില്ല.

Read More: കോവിഡ്: വലിയ അപകടത്തിലേക്ക് കേരളം പോവാതിരുന്നതിനു കാരണം ചിട്ടയായ പ്രവര്‍ത്തനമെന്നു മുഖ്യമന്ത്രി

പൊതുഗതാഗതം ഉണ്ടാവില്ല എന്ന നിലപാടിലേക്ക് ജനങ്ങള്‍ എത്തിയെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇരുചക്ര വാഹനങ്ങളും യൂസ്ഡ് വാഹനങ്ങളും നിരത്തിലിറങ്ങുന്നത് കൂടിയത് ഇതിന്റെ ഉദാഹരണമാണ്. യാത്രക്കാര്‍ ബസുകളെ ആശ്രയിക്കുക എന്ന രീതി കോവിഡ് കാലത്ത് കുറഞ്ഞു. കൂടുതല്‍ ആളുകള്‍ പൊതുഗതാഗത സംവിധാനത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തിലാണ് നഷ്ടമാണെങ്കില്‍ കൂടിയും കെഎസ്ആര്‍ടിസി സര്‍വീസ് പുനഃരാരംഭിക്കാനുള്ള തീരുമാനത്തിലേക്ക് ഗതാഗതവകുപ്പ് എത്തിയത്.

സർവീസ് നിർത്താനൊരുങ്ങുന്ന സ്വകാര്യ ബസുടമകൾ നിലപാട് പുനഃപരിശോധിക്കണമെന്നും ഗതാഗതമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് യാത്രാ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്ന നിലപാടിലേക്ക് ബസ് ഉടമകൾ എത്തണം. ഇല്ലെങ്കില്‍ ഇരുചക്ര വാഹനങ്ങള്‍ കൂടും. സിറ്റിബസ്സുകള്‍ ഇല്ലാതാകും. ഇത് കെഎസ്ആർടിസിയേയും ഇല്ലാതാക്കും. പരാമാവധി ചെയ്യാന്‍ കഴിയുന്ന സഹായം സ്വകാര്യ ബസ്സുകള്‍ക്കായി ചെയ്ത് കൊടുത്തിട്ടുണ്ട്. സ്വകാര്യ ബസ് ഉടമകള്‍ക്ക് നികുതി അടയ്ക്കാനുള്ള കാലാവധി രണ്ടു മാസത്തേക്ക് നീട്ടിയതായും നികുതി അടയ്ക്കുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഏകദേശം 9,000 സ്വകാര്യ ബസ് സർവീസുകളാണ് നിർത്താൻ തീരുമാനിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.