കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്ആർടിസി സംയുക്ത സമരസമിതി പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. നാളെ ചർച്ചയ്ക്ക് തയ്യാറാകണമെന്നും യൂണിയനുകളോട് കോടതി ആവശ്യപ്പെട്ടു. കെഎസ്ആർടിസി മാനേജ്മെന്റ്, സർക്കാർ, തൊഴിലാളി യൂണിയൻ നേതാക്കൾ എന്നിവർ ചർച്ചയിൽ പങ്കെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.

നാളെ ഒത്തുതീർപ്പ് ചർച്ചയിൽ പങ്കെടുക്കണമെന്നാണ് നിർദ്ദേശം. കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയെയും ഹൈക്കോടതി വിമർശിച്ചു. ഒന്നാം തീയതി സമരത്തിന് നോട്ടീസ് ലഭിച്ചിട്ടും തൊഴിലാളി സംഘടനകളെ ഇന്നാണോ ചർച്ചയ്ക്ക് വിളിക്കുന്നതെന്ന് കോടതി ചോദിച്ചു. അതേസമയം, സമരക്കാരുമായി ചർച്ച തുടരുമെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ലേബർ കമ്മീഷ്ണറുടെ ഓഫീസിൽ വച്ചായിരിക്കും ചർച്ച.

അതേസമയം, ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാത്ത സാഹചര്യത്തിൽ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കെഎസ്ആർടിസി ജീവനക്കാർ. സമരത്തിൽനിന്നും പിന്മാറില്ലെന്നും ഇന്ന് അർധ രാത്രിമുതൽ പണിമുടക്ക് തുടങ്ങുമെന്നും സമരസമിതി അറിയിച്ചു. സമരം ഹൈക്കോടതി തടഞ്ഞതിന് പിന്നാലെയാണ് സമരസമിതി നയം വ്യക്തമാക്കിയത്.

ഇന്ന് അർദ്ധരാത്രി മുതലാണ് സംയുക്ത സമരസമിതി അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. നേരത്തെ തൊഴിലാളി സംഘടനകളുമായി മാനേജ്മെന്റ് നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക. ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് തൊഴിലാളി സംഘടനകൾ മുമ്പോട്ട് വച്ചിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ